2 KORINTH 12:1-10

2 KORINTH 12:1-10 MALCLBSI

ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു. കർത്താവ് എനിക്കു നല്‌കിയ ദർശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാൻ ഇനി പറയട്ടെ: പതിനാലു വർഷം മുമ്പ് മൂന്നാം സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയിലേക്ക് ഉയർത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു- അവാച്യവും മനുഷ്യാധരങ്ങൾക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങൾ അയാൾ കേട്ടു. ഈ മനുഷ്യനെക്കുറിച്ചു ഞാൻ അഭിമാനംകൊള്ളും- എന്നാൽ ഞാൻ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല. ഞാൻ പ്രശംസിക്കുകയാണെങ്കിൽത്തന്നെ ഞാൻ ഭോഷനാകുകയില്ല. ഞാൻ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവൻ എന്നിൽ കാണുകയും എന്നിൽനിന്നു കേൾക്കുകയും ചെയ്യുന്നതിൽ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല. ഞാൻ കണ്ട അദ്ഭുതകരമായ അനേകം ദർശനങ്ങളുടെ പേരിൽ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്റെ ദൂതനായിട്ടത്രേ അതു വർത്തിക്കുന്നത്. ഞാൻ മതിമറന്ന് അഹങ്കരിക്കുന്നതിൽനിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു. ഇത് എന്നിൽനിന്നു നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ “എന്റെ കൃപ നിനക്കു മതി; എന്തെന്നാൽ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്റെ ബലഹീനതയെക്കുറിച്ച് ഞാൻ ആഹ്ലാദപൂർവം പ്രശംസിക്കും. ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതിൽ ഞാൻ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാൽ ഞാൻ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്.

2 KORINTH 12 വായിക്കുക