2 KORINTH 11:16-33

2 KORINTH 11:16-33 MALCLBSI

എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാൻ പിന്നെയും പറയുന്നു. അല്ലെങ്കിൽ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ. കർത്താവ് ആഗ്രഹിക്കുന്ന കാര്യമല്ല ഞാനിപ്പോൾ പറയുന്നത്. ആത്മപ്രശംസയെ സംബന്ധിച്ചിടത്തോളം ഒരു ഭോഷനെപ്പോലെയാണു ഞാൻ സംസാരിക്കുന്നത്. വെറും മാനുഷികമായ കാര്യങ്ങളെച്ചൊല്ലി ആത്മപ്രശംസ ചെയ്യുന്ന നിരവധി ആളുകളുണ്ടല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രശംസിക്കും. നിങ്ങൾ ബുദ്ധിയുള്ളവരാകയാൽ ഭോഷന്മാരെ സന്തോഷപൂർവം പൊറുക്കുന്നു. ഒരുവൻ നിങ്ങളുടെമേൽ മർദനഭരണം നടത്തുകയോ നിങ്ങളെ ചൂഷണം ചെയ്യുകയോ കെണിയിൽ അകപ്പെടുത്തുകയോ നിന്ദിക്കുകയോ കരണത്തടിക്കുകയോ ചെയ്താലും നിങ്ങൾ പൊറുക്കുന്നുവല്ലോ. അങ്ങനെയുള്ള കാര്യങ്ങളിൽ ഞങ്ങൾ ദുർബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു. എന്നാൽ ആർക്കെങ്കിലും പ്രശംസിക്കുവാൻ ധൈര്യമുണ്ടെങ്കിൽ-ഒരു ഭോഷനെപ്പോലെ ഞാൻ പറയുന്നു-എനിക്കും ധൈര്യമുണ്ട്. അവർ എബ്രായരാണോ? ഞാനും എബ്രായൻ തന്നെ. അവർ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യൻ തന്നെ. അവർ അബ്രഹാമിന്റെ വംശജരാണെങ്കിൽ ഞാനും അതേ വംശത്തിൽപ്പെട്ടവൻ തന്നെ. അവർ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാൻ പറയുന്നു എന്നു തോന്നാം -ഞാൻ അവരെക്കാൾ മികച്ച ദാസനാകുന്നു; ഞാൻ അവരെക്കാൾ വളരെയധികം അധ്വാനിച്ചു; കൂടുതൽ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി; യെഹൂദന്മാരിൽനിന്ന് മുപ്പത്തൊൻപത് അടി അഞ്ചുപ്രാവശ്യം ഞാൻ കൊണ്ടു; മൂന്നുവട്ടം റോമാക്കാർ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കൽ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപെട്ടു. ഒരിക്കൽ ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. എന്റെ യാത്രകളിൽ വെള്ളപ്പൊക്കത്തിൽനിന്നും കൊള്ളക്കാരിൽനിന്നും സ്വജാതീയരിൽനിന്നും വിജാതീയരിൽനിന്നുമുള്ള വിപത്തുകളിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരിൽ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാൻ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയിൽനിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാൻ വഹിക്കേണ്ടിയിരുന്നു. ആരെങ്കിലും ദുർബലനായിരിക്കുന്നുവെങ്കിൽ ഞാൻ അവന്റെ ദൗർബല്യത്തിൽ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കിൽ ദുഃഖംകൊണ്ട് എന്റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ? എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കിൽ ഞാൻ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളിൽ ഞാൻ പ്രശംസിക്കും. കർത്താവായ യേശുവിന്റെ പിതാവായ ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാൻ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു. ഞാൻ ദമാസ്കസിൽ ആയിരുന്നപ്പോൾ അരേതാരാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടികൂടുന്നതിനു കാവൽ ഏർപ്പെടുത്തി. എന്നാൽ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലർ ഒരു കുട്ടയിൽ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്റെ പിടിയിൽനിന്നു വഴുതിമാറി.

2 KORINTH 11 വായിക്കുക