രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കാൻ വലിയ ജനസമൂഹം യെരൂശലേമിൽ വന്നുകൂടി. അവർ യെരൂശലേമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും നീക്കിക്കളഞ്ഞു; ധൂപാർപ്പണത്തിനുള്ള പീഠങ്ങളെല്ലാം കിദ്രോൻ താഴ്‌വരയിലേക്ക് എറിഞ്ഞു. രണ്ടാം മാസം പതിന്നാലാം ദിവസം അവർ പെസഹാകുഞ്ഞാടിനെ കൊന്നു; ശുദ്ധീകരണം നടത്താത്ത പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സർവേശ്വരന്റെ ആലയത്തിൽ ഹോമയാഗത്തിനുള്ള വസ്തുക്കൾ സജ്ജമാക്കി. അവർ ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ചു തങ്ങൾക്കുള്ള നിർദ്ദിഷ്ടസ്ഥാനങ്ങളിൽ നിന്നു. പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്നു രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. സ്വയം ശുദ്ധീകരിക്കാത്ത പലരും ആ സമൂഹത്തിൽ ഉണ്ടായിരുന്നു; അവർക്കു പെസഹാകുഞ്ഞാടിനെ കൊല്ലുവാൻ കഴിയുമായിരുന്നില്ല. അവർക്ക് ഓരോരുത്തർക്കുംവേണ്ടി ലേവ്യർ പെസഹാകുഞ്ഞാടിനെ കൊന്നു. ഒരു വലിയ ജനസമൂഹം, വിശേഷിച്ച് എഫ്രയീം, മനശ്ശെ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽ നിന്നുള്ള അനേകം പേർ സ്വയം ശുദ്ധീകരിക്കാതെ വിധിപ്രകാരമല്ലാതെ പെസഹ ഭക്ഷിച്ചു. ഹിസ്കീയാ അവർക്കുവേണ്ടി പ്രാർഥിച്ചു: “സർവേശ്വരാ, ദേവാലയത്തിലെ നിയമപ്രകാരം ശുദ്ധീകരണം പ്രാപിച്ചവർ അല്ലെങ്കിലും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്ന എല്ലാവരോടും നല്ലവനായ അവിടുന്നു ക്ഷമിക്കണമേ.” അവിടുന്നു ഹിസ്കീയായുടെ പ്രാർഥന കേട്ട് അവരെ ശിക്ഷിച്ചില്ല. യെരൂശലേമിൽ വന്നുകൂടിയിരുന്ന ഇസ്രായേൽജനം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം ആഹ്ലാദപൂർവം ആചരിച്ചു. ലേവ്യരും പുരോഹിതന്മാരും സർവശക്തിയോടുംകൂടെ ദിവസംതോറും സർവേശ്വരനെ പാടി സ്തുതിച്ചു. സർവേശ്വരശുശ്രൂഷയിൽ ലേവ്യർ പ്രകടിപ്പിച്ച കാര്യക്ഷമതയെ ഹിസ്കീയാ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന് സമാധാനയാഗങ്ങളും സ്തോത്രവും അർപ്പിച്ചുകൊണ്ട് ജനം ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. ഏഴു ദിവസം കൂടി ഉത്സവം ആചരിക്കാൻ ജനസമൂഹം നിശ്ചയിച്ചു. അങ്ങനെ വേറെ ഏഴു ദിവസംകൂടി അവർ ആഹ്ലാദപൂർവം ആഘോഷിച്ചു. യെഹൂദാരാജാവായ ഹിസ്കീയാ ആയിരം കാളകളെയും ഏഴായിരം ആടുകളെയും അവർക്കു നല്‌കി; കൂടാതെ പ്രഭുക്കന്മാർ ആയിരം കാളകളെയും പതിനായിരം ആടുകളെയും അവർക്കു കൊടുത്തു. അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. യെഹൂദ്യയിലെ സമസ്ത ജനങ്ങളും പുരോഹിതന്മാരും ലേവ്യരും ഇസ്രായേലിൽനിന്നു വന്ന ജനങ്ങളും ഇസ്രായേലിലും യെഹൂദ്യയിലും പാർക്കുന്നവരായ പരദേശികളും സന്തോഷിച്ചു. യെരൂശലേമിൽ അത്യധികമായ ആഹ്ലാദമുണ്ടായി. ഇസ്രായേൽരാജാവായ ദാവീദിന്റെ പുത്രൻ ശലോമോന്റെ കാലത്തിനുശേഷം അതുപോലൊന്നു യെരൂശലേമിൽ ഉണ്ടായിട്ടില്ല. പുരോഹിതന്മാരും ലേവ്യരും എഴുന്നേറ്റു ജനത്തെ ആശീർവദിച്ചു. അവരുടെ പ്രാർഥനയുടെ ശബ്ദം സ്വർഗത്തിൽ ദൈവസന്നിധിയിലെത്തി.
2 CHRONICLE 30 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 30:13-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ