1 TIMOTHEA 2:1-10

1 TIMOTHEA 2:1-10 MALCLBSI

എല്ലാവർക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാർഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്. എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂർണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാൻ ഇടയാകുന്നതിന് രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർഥിക്കുക. നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഇത് ഉത്തമവും സ്വീകാര്യവും ആകുന്നു. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവൻ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ. അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു. അതുകൊണ്ടാണ്, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാൻ പറയുന്നതു സത്യമാണ്, വ്യാജമല്ല. കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാർ തങ്ങളുടെ നിർമ്മലകരങ്ങൾ ഉയർത്തി പ്രാർഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതുപോലെതന്നെ ശാലീനവും മാന്യവുമായ വസ്ത്രധാരണംകൊണ്ട് സ്‍ത്രീകൾ തങ്ങളെ അലങ്കരിക്കണം. പിന്നിയ മുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം ഇവകൊണ്ടല്ല. ദൈവഭക്തിയുള്ള സ്‍ത്രീകൾക്കു യോജിച്ചവിധം സൽപ്രവൃത്തികൾ കൊണ്ടുതന്നെ അവർ അണിഞ്ഞൊരുങ്ങട്ടെ.

1 TIMOTHEA 2 വായിക്കുക