1 SAMUELA 6
6
പെട്ടകം മടക്കി അയയ്‍ക്കുന്നു
1സർവേശ്വരന്റെ പെട്ടകം ഏഴു മാസം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. 2അതിനുശേഷം അവർ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സർവേശ്വരന്റെ പെട്ടകത്തിന്റെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്‍ക്കുമ്പോൾ അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്‍ക്കേണ്ടത്?” 3അവർ പറഞ്ഞു: “ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം മടക്കി അയയ്‍ക്കുകയാണെങ്കിൽ അതു വെറുതേ അയയ്‍ക്കരുത്; നിശ്ചയമായും ഒരു പ്രായശ്ചിത്തവഴിപാടും കൂടി കൊടുത്തയയ്‍ക്കണം; അപ്പോൾ നിങ്ങൾക്കു സൗഖ്യം ലഭിക്കും; അവിടുന്നു നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം നിങ്ങൾ ഗ്രഹിക്കുകയും ചെയ്യും.” 4“പ്രായശ്ചിത്തയാഗത്തിന് എന്തെല്ലാമാണു കൊടുത്തയയ്‍ക്കേണ്ടത്” എന്നു ജനം ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ചു സ്വർണനിർമ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുടെ രൂപങ്ങളും കൊടുത്തയയ്‍ക്കുക; കാരണം നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്. 5അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്റെ ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുവിൻ; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്റെയും നേർക്കുള്ള ശിക്ഷ മതിയാക്കിയേക്കാം; 6ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവർ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കുകയും അവർ അവിടെനിന്നു പോരുകയും ചെയ്തത്. 7നിങ്ങൾ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിൻ; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക. 8സർവേശ്വരന്റെ പെട്ടകം എടുത്തു വണ്ടിയിൽ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങൾ കൊടുത്തയയ്‍ക്കുന്ന സ്വർണരൂപങ്ങൾ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിൻ; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിൻ; അതു യഥേഷ്ടം പോകട്ടെ. 9അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കിൽ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കിൽ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.” 10അവർ പറഞ്ഞതുപോലെ ജനം പ്രവർത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടിൽ നിറുത്തി. 11പിന്നീട് അവർ സർവേശ്വരന്റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വർണരൂപങ്ങൾ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയിൽ വച്ചു. 12ആ പശുക്കൾ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാർ ബേത്ത്-ശേമെശിന്റെ അതിർത്തിവരെ അവയെ പിന്തുടർന്നു. 13ബേത്ത്-ശേമെശ് നിവാസികൾ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു; അവർ നോക്കിയപ്പോൾ പെട്ടകം കണ്ടു; അവർ അത്യധികം ആഹ്ലാദിച്ചു. 14വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ വന്നുനിന്നു. അവിടെ ഒരു വലിയ കല്ലുണ്ടായിരുന്നു; വണ്ടിക്കുപയോഗിച്ചിരുന്ന തടി വെട്ടിക്കീറി പശുക്കളെ ഹോമയാഗമായി അവർ സർവേശ്വരന് അർപ്പിച്ചു. 15ലേവ്യർ സർവേശ്വരന്റെ പെട്ടകവും സ്വർണരൂപങ്ങൾ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു. ബേത്ത്-ശേമെശ്നിവാസികൾ സർവേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അർപ്പിച്ചു. 16ഇതെല്ലാം കണ്ടതിനുശേഷം അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി.
17അസ്തോദ്, ഗസ്സ, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ പട്ടണങ്ങളിൽ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വർണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാർ കൊടുത്തയച്ചത്. 18ഈ അഞ്ചു പ്രഭുക്കന്മാരുടെ അധീനതയിലുള്ളതും കോട്ടകളാൽ ചുറ്റപ്പെട്ടതുമായ ഫെലിസ്ത്യനഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും എണ്ണത്തിനനുസരിച്ച് സ്വർണ എലികളെയും അവർ കൊടുത്തയച്ചു. 19സർവേശ്വരന്റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ ഇന്നും കാണാം. സർവേശ്വരന്റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ #6:19 എഴുപതു പേരെ = അമ്പതിനായിരത്തി എഴുപത് എന്നു മൂലഭാഷയിൽ.എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സർവേശ്വരൻ അവരുടെ ഇടയിൽ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു. 20ബേത്ത്-ശേമെശിലെ ജനം പറഞ്ഞു: “പരിശുദ്ധ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ നില്‌ക്കാൻ ആർക്കു കഴിയും? അവിടുന്നു നമ്മുടെ അടുത്തുനിന്ന് എങ്ങോട്ടു പോകും.” 21അവർ കിര്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു പറഞ്ഞു: “സർവേശ്വരന്റെ പെട്ടകം ഫെലിസ്ത്യർ തിരിച്ചയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അത് എടുത്തുകൊണ്ടുപോകുവിൻ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 SAMUELA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.