1 SAMUELA 25:2-17

1 SAMUELA 25:2-17 MALCLBSI

ദാവീദ് പാരാൻമരുഭൂമിയിലേക്കു പോയി. മാവോൻ പട്ടണക്കാരനായ ഒരാൾ കർമ്മേലിൽ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാൾക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കർമ്മേലിൽ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്. കാലേബ്‍വംശജനായ അയാളുടെ പേര് നാബാൽ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയിൽ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കർമിയും. നാബാൽ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയിൽവച്ചു ദാവീദു കേട്ടു. കർമ്മേലിൽ ചെന്ന് തന്റെ പേരിൽ നാബാലിനെ അഭിവാദനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കർമ്മേലിലേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞിരുന്നു. “നിങ്ങൾ ഇപ്രകാരം പറയണം, അങ്ങയുടെ ഭവനത്തിനും അങ്ങേക്കുള്ള സകലത്തിനും നന്മയുണ്ടാകട്ടെ. അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാൻ അറിഞ്ഞു. അങ്ങയുടെ ഇടയന്മാർ കർമ്മേലിൽ ആയിരുന്ന സമയത്തെല്ലാം അവർ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങൾ അവരെ ഉപദ്രവിച്ചിരുന്നില്ല; അവർക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല. അങ്ങയുടെ ഭൃത്യന്മാരോടു ചോദിച്ചാൽ അവർ അതു പറയും; അതുകൊണ്ട് എന്റെ ഭൃത്യന്മാരോടു ദയ കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത്. അങ്ങയുടെ ഈ ദാസന്മാർക്കും അങ്ങയുടെ പുത്രനായ ദാവീദിനും കഴിവുള്ളതു തന്നാലും.” ദാവീദിന്റെ സന്ദേശം ഭൃത്യന്മാർ ചെന്നു നാബാലിനെ അറിയിച്ചശേഷം അവിടെ കാത്തുനിന്നു. നാബാൽ അവരോടു ചോദിച്ചു: “ആരാണീ ദാവീദ്? യിശ്ശായിയുടെ പുത്രൻ ആരാണ്? യജമാനന്മാരുടെ അടുക്കൽനിന്നു തെറ്റിപ്പിരിഞ്ഞു പോകുന്ന ഭൃത്യന്മാർ ഇക്കാലത്തു ധാരാളമുണ്ട്. രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന അപ്പവും വെള്ളവും മാംസവും എവിടെയോനിന്നു വന്നവർക്കു ഞാൻ കൊടുക്കണമെന്നോ?” ദാവീദിന്റെ ഭൃത്യന്മാർ തിരിച്ചുചെന്നു വിവരമെല്ലാം ദാവീദിനെ അറിയിച്ചു. ദാവീദു പറഞ്ഞു: “എല്ലാവരും വാൾ അരയ്‍ക്കുകെട്ടി ഒരുങ്ങിക്കൊൾവിൻ.” അവർ അപ്രകാരം ചെയ്തു. ദാവീദും വാൾ ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേർ സാധനങ്ങൾ സൂക്ഷിക്കാൻ അവിടെത്തന്നെ നിന്നു. നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു ഭൃത്യന്മാരിലൊരാൾ പറഞ്ഞു: “നാബാലിനെ അഭിവാദനം ചെയ്യുന്നതിനു ദാവീദ് ദൂതന്മാരെ മരുഭൂമിയിൽനിന്ന് അയച്ചു. നാബാൽ അവരോടു പരുഷമായി സംസാരിച്ചു; അവർ നമുക്കു വളരെ ഉപകാരം ചെയ്തിട്ടുണ്ട്; ഞങ്ങൾ വയലിൽ അവരുടെ കൂടെ പാർത്തിരുന്നപ്പോൾ അവർ ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിരുന്നില്ല; ഞങ്ങൾക്കുള്ളതൊന്നും നഷ്ടപ്പെട്ടതുമില്ല. ആടുകളെ മേയിച്ചുകൊണ്ട് അവരുടെ കൂടെ പാർത്തിരുന്നപ്പോൾ രാവും പകലും എല്ലാം അവർ ഞങ്ങൾക്ക് ഒരു കോട്ടയായിരുന്നു; അതിനാൽ എന്താണു ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇത് തീർച്ചയായും യജമാനനും കുടുംബത്തിനും അനർഥം വരുത്തിവയ്‍ക്കും. യജമാനനാണെങ്കിൽ ആരു പറഞ്ഞാലും കേൾക്കാത്ത ദുസ്വഭാവക്കാരനാണ്.”

1 SAMUELA 25 വായിക്കുക