യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണ്; നിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോൾ നിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും; മറ്റെന്നാൾ നിന്റെ അഭാവം കൂടുതൽ ശ്രദ്ധിക്കപ്പെടും. നീ മുമ്പ് ഒളിച്ചിരുന്ന സ്ഥലത്തെ കല്‌ക്കൂമ്പാരത്തിന്റെ പിന്നിൽ മറഞ്ഞിരിക്കണം. ഉന്നം നോക്കി എയ്യുന്നതുപോലെ ഞാൻ അതിന്റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും; അമ്പെടുത്തു കൊണ്ടുവരാൻ ഒരു ബാലനെ അയയ്‍ക്കും. ഞാൻ അവനോട് ‘ഇതാ അമ്പുകൾ നിന്റെ ഇപ്പുറത്ത്; എടുത്തുകൊണ്ടു വരിക;’ എന്നു പറഞ്ഞാൽ നീ സുരക്ഷിതനാണ്; നിനക്ക് ഒരു അപകടവും ഉണ്ടാകുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തുപറയുന്നു; നേരേമറിച്ച് ‘അമ്പു നിന്റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാൽ നീ പൊയ്‍ക്കൊള്ളണം; കാരണം സർവേശ്വരൻ നിന്നെ അകലത്തേക്ക് അയയ്‍ക്കുകയാണ്. നമ്മുടെ ഈ വാക്കുകൾക്ക് അവിടുന്ന് എന്നും സാക്ഷിയായിരിക്കട്ടെ.” അങ്ങനെ ദാവീദ് വയലിൽ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗൽരാജാവു ഭക്ഷണത്തിനിരുന്നു. രാജാവ് പതിവുപോലെ ഭിത്തിയോടു ചേർന്നുള്ള തന്റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാൻ എതിർവശത്തും അബ്നേർ ശൗലിന്റെ അടുത്തും ഇരുന്നു. ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവൻ അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗൽ വിചാരിച്ചു. അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗൽ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രൻ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?” യോനാഥാൻ ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്‍ലഹേമിൽ പോകാൻ എന്നോടു നിർബന്ധപൂർവം അനുവാദം ചോദിച്ചു; ‘ഞങ്ങളുടെ കുടുംബം പട്ടണത്തിൽ ഒരു യാഗമർപ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്റെ സഹോദരൻ ആവശ്യപ്പെട്ടിരിക്കുന്നു; അതിനാൽ ദയ തോന്നി എന്റെ സഹോദരന്മാരെ പോയിക്കാണാൻ എനിക്ക് അനുവാദം നല്‌കണം’ എന്ന് അയാൾ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്റെ വിരുന്നിന് അവൻ വരാഞ്ഞത്.” അപ്പോൾ ശൗലിന്റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്റെ അമ്മയ്‍ക്കും അപമാനം വരുത്തിവയ്‍ക്കാൻ യിശ്ശായിയുടെ പുത്രന്റെ പക്ഷം ചേർന്നിരിക്കുന്നു. അവൻ ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്റെ രാജത്വം ഉറയ്‍ക്കുകയുമില്ല; ആളയച്ച് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ തീർച്ചയായും മരിക്കണം.” യോനാഥാൻ ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവൻ എന്തു ചെയ്തു?” ശൗൽ ഉടനെ യോനാഥാനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാൻ തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോൾ മനസ്സിലായി. കുപിതനായിത്തീർന്ന യോനാഥാൻ ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാൽ അവനു ദുഃഖമുണ്ടായി. അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാൻ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി. ബാലനോടു താൻ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലൻ ഓടിയപ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാൻ എയ്ത അമ്പു വീണ സ്ഥലത്തു ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു: “അമ്പു നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു. യോനാഥാൻ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലൻ അമ്പുകൾ പെറുക്കിയെടുത്ത് യോനാഥാന്റെ അടുക്കൽ കൊണ്ടുവന്നു. യോനാഥാനും ദാവീദുമല്ലാതെ ബാലൻ കാര്യമൊന്നും അറിഞ്ഞില്ല. പിന്നീട് യോനാഥാൻ തന്റെ ആയുധങ്ങൾ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു. ബാലൻ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പിൽനിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവർ പരസ്പരം ചുംബിച്ചു കരഞ്ഞു. പിന്നീട് യോനാഥാൻ പറഞ്ഞു: “സമാധാനത്തോടെ പോകുക; സർവേശ്വരൻ എനിക്കും നിനക്കും നമ്മുടെ സന്തതികൾക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാൻ പട്ടണത്തിലേക്കും പോയി.
1 SAMUELA 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 20:18-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ