1 SAMUELA 20:1-17

1 SAMUELA 20:1-17 MALCLBSI

ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് യോനാഥാന്റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: ” ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? എന്നെ കൊല്ലാൻ തക്കവിധം നിന്റെ പിതാവിനോടു ഞാൻ ചെയ്ത പാപം എന്ത്?” യോനാഥാൻ ദാവീദിനോടു പറഞ്ഞു: ” അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നിൽനിന്നു മറച്ചുവയ്‍ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.” ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാൻ ഇതു നീ അറിയേണ്ടാ എന്നു നിന്റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” യോനാഥാൻ അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം.” ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാൽ പതിവുപോലെ രാജാവിന്റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ ദാവീദു തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയുള്ള വാർഷിക യാഗത്തിൽ പങ്കെടുക്കാൻ തന്റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാൻ നിർബന്ധപൂർവം അനുവാദം അപേക്ഷിച്ചു എന്നു പറയണം. ‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാൽ അങ്ങയുടെ ദാസൻ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാൽ എന്നെ ഉപദ്രവിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂർവം പെരുമാറിയാലും. സർവേശ്വരന്റെ നാമത്തിൽ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാൻ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കിൽ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്റെ പിതാവിന്റെ അടുക്കലേക്കു കൊണ്ടുപോകണം?” യോനാഥാൻ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്റെ പിതാവ് നിന്നെ ഉപദ്രവിക്കാൻ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാൽ ഞാൻ അതു നിന്നോടു പറയാതിരിക്കുമോ?” “നിന്റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു. “നമുക്കു വയലിലേക്കു പോകാം” യോനാഥാൻ ദാവീദിനോടു പറഞ്ഞു; അങ്ങനെ അവർ വയലിലേക്കു പോയി. യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാൻ ഇക്കാര്യം എന്റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കിൽ ആ വിവരം നിന്നെ അറിയിക്കും. നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്റെ ഭാവമെങ്കിൽ അതറിയിച്ച് ഞാൻ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്‍ക്കും; ഇതിൽ ഞാൻ വീഴ്ച വരുത്തിയാൽ സർവേശ്വരൻ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്റെ പിതാവിന്റെ കൂടെ ഇരുന്നതുപോലെ നിന്റെ കൂടെയും ഉണ്ടായിരിക്കട്ടെ. ഞാൻ ജീവനോടെ ശേഷിച്ചാൽ സർവേശ്വരനാമത്തിൽ എന്നോടു കരുണ കാണിക്കണം. ഞാൻ മരിച്ചാൽ എന്റെ കുടുംബത്തോടു നീ എന്നും കൂറു പുലർത്തണം. സർവേശ്വരൻ നിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്റെ നാമം നിന്റെ കുടുംബത്തിൽനിന്നു വിഛേദിക്കരുതേ! സർവേശ്വരൻ ദാവീദിന്റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.” യോനാഥാൻ പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു.

1 SAMUELA 20 വായിക്കുക