1 SAMUELA 1:1-8

1 SAMUELA 1:1-8 MALCLBSI

എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമിൽ എല്‌ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്റെയും എലീഹൂ തോഹൂവിന്റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്റെയും പുത്രനായിരുന്നു. എല്‌ക്കാനായ്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്‍ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‍ക്കു മക്കളില്ലായിരുന്നു. സർവശക്തനായ സർവേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമർപ്പിക്കാനുമായി എല്‌ക്കാനാ വർഷം തോറും തന്റെ പട്ടണത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സർവേശ്വരന്റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്. യാഗമർപ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്‍ക്കും അവളുടെ പുത്രീപുത്രന്മാർക്കും യാഗവസ്തുവിന്റെ ഓഹരി കൊടുത്തിരുന്നു. എല്‌ക്കാനാ ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവൾക്കു മക്കളെ നല്‌കിയിരുന്നില്ല. അവൾക്കു സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. വർഷംതോറും സർവേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവൾ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവൾ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. ഭർത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ വിലപ്പെട്ടവനല്ലേ?”

1 SAMUELA 1 വായിക്കുക