യാഗപീഠത്തിന്റെ മുമ്പിൽ മുട്ടുകുത്തി കൈകൾ ഉയർത്തി നിന്നിരുന്ന ശലോമോൻ സർവേശ്വരനോടുള്ള പ്രാർഥനകൾക്കും യാചനകൾക്കും ശേഷം എഴുന്നേറ്റുനിന്നു. പിന്നീട് ഇസ്രായേൽജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു: “വാഗ്ദാനം ചെയ്തിരുന്നതുപോലെ സ്വന്തജനമായ ഇസ്രായേലിനു സമാധാനം നല്‌കിയ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. മോശയിലൂടെ നല്‌കിയ സകല വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി. നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ. നാം അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനും അവിടുന്നു നമ്മുടെ പിതാക്കന്മാർക്കു നല്‌കിയിരുന്ന സകല കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ അവിടുന്നു തന്നിലേക്കു തിരിക്കട്ടെ. തിരുസന്നിധിയിൽ ഞാൻ അർപ്പിച്ച പ്രാർഥനകളും അപേക്ഷകളും എപ്പോഴും അവിടുത്തെ മുമ്പിൽ ഉണ്ടായിരിക്കട്ടെ. അവിടുന്ന് ഈ ദാസനെയും സ്വന്തജനമായ ഇസ്രായേലിനെയും കാത്തുപാലിക്കട്ടെ. അങ്ങനെ സർവേശ്വരൻ മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ. ഇന്നത്തെപ്പോലെ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ നിങ്ങളുടെ ഹൃദയം പൂർണമായി സർവേശ്വരനിൽ ഏകാഗ്രമായിരിക്കട്ടെ.” ശലോമോൻരാജാവും കൂടെ ഉണ്ടായിരുന്ന എല്ലാ ഇസ്രായേൽജനവും സർവേശ്വരനു യാഗങ്ങളർപ്പിച്ചു. അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അർപ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേൽജനവും ചേർന്നു ദേവാലയപ്രതിഷ്ഠ നടത്തി. രാജാവു അന്നുതന്നെ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണു ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചത്. തിരുസന്നിധിയിലുള്ള ഓട്ടുയാഗപീഠത്തിന് ഇവയെല്ലാം അർപ്പിക്കാൻ തക്ക വലിപ്പം ഉണ്ടായിരുന്നില്ല. ഹാമാത്തിന്റെ അതിരുമുതൽ ഈജിപ്തുതോടുവരെയുള്ള സ്ഥലങ്ങളിൽ പാർക്കുന്ന സകല ഇസ്രായേൽജനങ്ങളോടും കൂടി ശലോമോൻ ഏഴു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അദ്ദേഹം ജനത്തെ മടക്കിയയച്ചു; അവർ രാജാവിനെ പുകഴ്ത്തുകയും സർവേശ്വരൻ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി ചെയ്ത സകല നന്മകളും ഓർത്ത് ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
1 LALTE 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 LALTE 8:54-66
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ