1 LALTE 3:1-15

1 LALTE 3:1-15 MALCLBSI

ശലോമോൻ ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സർവേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോൻ അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. അതുവരെയും സർവേശ്വരന് ഒരു ആലയം നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്. ശലോമോൻ സർവേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്തുപോന്നത്. ഒരിക്കൽ രാജാവ് യാഗംകഴിക്കാൻ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചിട്ടുണ്ടായിരുന്നു. ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” ശലോമോൻ പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പിൽ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലർത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ ഒരു പുത്രനെ നല്‌കുകയും ചെയ്തു. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാൻ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലൻ മാത്രം. അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ. ഈ വലിയ ജനതയെ ഭരിക്കാൻ ആർക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.” ശലോമോന്റെ ഈ പ്രാർഥന സർവേശ്വരനു ഹിതകരമായി. അവിടുന്ന് അരുളിച്ചെയ്തു: “ദീർഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്. അതുകൊണ്ടു ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാൻ നിനക്കു തരുന്നു. ഇക്കാര്യത്തിൽ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങൾ കൂടി ഞാൻ നിനക്കു തരുന്നു; നിന്റെ ജീവിതകാലം മുഴുവൻ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാൻ നിനക്കു നല്‌കും. നിന്റെ പിതാവായ ദാവിദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മാർഗത്തിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സു നല്‌കും.” ശലോമോൻ ഉറക്കത്തിൽനിന്നും ഉണർന്നപ്പോൾ അത് ഒരു ദർശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമിൽ മടങ്ങിവന്നു സർവേശ്വരന്റെ സാക്ഷ്യപെട്ടകത്തിനു മുമ്പിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; പിന്നീട് തന്റെ ഭൃത്യന്മാർക്ക് വിരുന്നു നടത്തി.

1 LALTE 3 വായിക്കുക