1 LALTE 17

17
ഏലിയായും വരൾച്ചയും
1ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകൻ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാൻ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു; ഞാൻ പറഞ്ഞല്ലാതെ ഈ വർഷത്തിൽ മഞ്ഞോ മഴയോ പെയ്യുകയില്ല.”
2സർവേശ്വരൻ ഏലിയായോടു കല്പിച്ചു: 3“നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോർദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക. 4അരുവിയിൽനിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ കാക്കകളോടു കല്പിച്ചിട്ടുണ്ട്.” 5സർവേശ്വരൻ കല്പിച്ചതുപോലെ ഏലിയാ പോയി യോർദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാർത്തു. 6എല്ലാ ദിവസവും കാക്കകൾ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയിൽനിന്ന് അദ്ദേഹം വെള്ളവും കുടിച്ചു; 7എന്നാൽ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോൾ അരുവി വറ്റിപ്പോയി.
ഏലിയാ സാരെഫാത്തിൽ
8സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: 9“നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്; 10അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കൽ എത്തിയപ്പോൾ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാൻ കുറച്ചു വെള്ളം തന്നാലും.” 11അവൾ വെള്ളം കൊണ്ടുവരാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.” 12അപ്പോൾ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: എന്റെ പക്കൽ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തിൽ ഒരു പിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രമാണ്. ഞാൻ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങൾ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.” 13ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14സർവേശ്വരൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: 15ഏലിയാ പറഞ്ഞതുപോലെ അവൾ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാൾ ഭക്ഷണം കഴിച്ചു. 16സർവേശ്വരൻ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.
17ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിധവയുടെ പുത്രൻ രോഗിയായി; രോഗം മൂർച്ഛിച്ച് ശ്വാസം നിലച്ചു. 18ഉടനെ അവൾ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്റെ പാപങ്ങൾ ഓർമിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്റെ അടുക്കൽ വന്നത്.” 19ഏലിയാ പറഞ്ഞു: “നിന്റെ മകനെ ഇങ്ങു തരിക.” പ്രവാചകൻ കുട്ടിയെ അവളുടെ മടിയിൽനിന്ന് എടുത്തു മാളികമുറിയിൽ അദ്ദേഹം പാർത്തിരുന്ന മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി. 20പ്രവാചകൻ സർവേശ്വരനോടു പ്രാർഥിച്ചു: “എന്റെ ദൈവമായ സർവേശ്വരാ, എനിക്കു പാർക്കാൻ ഇടംതന്ന ഈ വിധവയുടെ മകന്റെ ജീവനെ എടുത്ത് അവിടുന്ന് ഇവൾക്ക് അനർഥം വരുത്തുകയാണോ?” 21പിന്നീട് അദ്ദേഹം ബാലന്റെമേൽ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാർഥിച്ചു. എന്റെ ദൈവമായ സർവേശ്വരാ, ഈ കുട്ടിയുടെ ജീവൻ മടക്കിവരുത്തണമേ.” 22സർവേശ്വരൻ ഏലിയായുടെ പ്രാർഥന കേട്ടു; കുട്ടിക്കു പ്രാണൻ തിരിച്ചുകിട്ടി; അവൻ ജീവിച്ചു. 23ഏലിയാ കുട്ടിയെ മാളികമുറിയിൽനിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയിൽ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.” 24അവൾ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷൻ തന്നെ; അങ്ങയിലൂടെ സർവേശ്വരൻ സംസാരിക്കുന്നുവെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക