1 LALTE 16:8-34

1 LALTE 16:8-34 MALCLBSI

യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവർഷം ബയെശയുടെ പുത്രൻ ഏലാ ഇസ്രായേലിന്റെ രാജാവായി. അയാൾ തിർസ്സായിൽ രണ്ടു വർഷം ഭരിച്ചു. തന്റെ രഥസൈന്യത്തിൽ അർധഭാഗത്തിന്റെ അധിപനായിരുന്ന സിമ്രി അയാൾക്കെതിരെ ഗൂഢാലോചന നടത്തി. തിർസ്സായിലെ കൊട്ടാരത്തിന്റെ മേൽവിചാരകനായിരുന്ന അർസയുടെ വീട്ടിൽ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷത്തിലായിരുന്നു ഈ സംഭവം. ഏലായ്‍ക്കു പകരം സിമ്രി രാജാവായി. ഉടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായി സംഹരിച്ചു; അയാളുടെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല; ബയെശയ്‍ക്കെതിരായി യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവൻ സംഹരിച്ചു. വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രൻ ഏലായും ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ കോപം ജ്വലിപ്പിച്ചു. ഏലായുടെ മറ്റു സകല പ്രവർത്തനങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷം സിമ്രി രാജാവായി. അയാൾ തിർസ്സായിൽ ഏഴു ദിവസം ഭരിച്ചു. അപ്പോൾ ഇസ്രായേൽസൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോൻ പട്ടണത്തിൽ പാളയമടിച്ചിരിക്കുകയായിരുന്നു. സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തിൽ അറിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഇസ്രായേൽസൈനികർ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേൽരാജാവായി വാഴിച്ചു. ഒമ്രിയും ഇസ്രായേൽസൈന്യവും ഗിബ്ബെഥോനിൽനിന്നു തിർസ്സായിലെത്തി അതിനെ വളഞ്ഞു. പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോൾ സിമ്രി കൊട്ടാരത്തിന്റെ ഉള്ളറയിൽ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു. അയാൾ യെരോബെയാമിനെപ്പോലെ പാപവഴികളിൽ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സർവേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇസ്രായേൽജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്റെ പുത്രൻ തിബ്നിയെ രാജാവാക്കാൻ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേർന്നു; ഒമ്രിയുടെ അനുയായികൾ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവർഷം ഒമ്രി ഇസ്രായേലിൽ രാജാവായി; പന്ത്രണ്ടുവർഷം അയാൾ ഭരിച്ചു; ആറു വർഷം തിർസ്സായിലായിരുന്നു ഭരണം നടത്തിയത്. രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാൾ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു. ഒമ്രിയും സർവേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാൾ തന്റെ മുൻഗാമികളെക്കാൾ കൂടുതൽ തിന്മ ചെയ്തു; അയാൾ നെബാത്തിന്റെ മകനായ യെരോബെയാമിന്റെ പാപവഴി പിന്തുടർന്നു; ഇസ്രായേൽജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. ഒമ്രിയുടെ മറ്റെല്ലാ പ്രവർത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഒമ്രി മരിച്ചു; അയാളെ ശമര്യയിൽ സംസ്കരിച്ചു; അയാളുടെ മകൻ ആഹാബ് തുടർന്നു രാജാവായി. യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവർഷം ഒമ്രിയുടെ മകൻ ആഹാബ് രാജ്യഭാരമേറ്റു; ശമര്യയിൽ അയാൾ ഇരുപത്തിരണ്ടു വർഷം ഭരിച്ചു. അയാൾ തന്റെ മുൻഗാമികളെക്കാൾ അധികം ഹീനകൃത്യങ്ങൾ സർവേശ്വരനെതിരായി ചെയ്തു. നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ പാത പിന്തുടർന്നതു കൂടാതെ സീദോൻരാജാവായ എത്ത്ബാലിന്റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാൽദേവനെ ആരാധിക്കുകയും ചെയ്തു; അയാൾ ശമര്യയിൽ പണിയിപ്പിച്ച ബാൽക്ഷേത്രത്തിൽ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു; ഒരു അശേരാപ്രതിഷ്ഠയും അയാൾ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്റെ മുൻഗാമികളെക്കാളധികം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. അയാളുടെ കാലത്ത് ബേഥേൽക്കാരനായ ഹീയേൽ യെരീഹോ പണിതു; നൂനിന്റെ മകനായ യോശുവയിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ നഗരത്തിന്റെ അടിസ്ഥാനമിട്ടപ്പോൾ അയാളുടെ മൂത്തമകൻ അബീരാമും നഗരവാതിൽ സ്ഥാപിച്ചപ്പോൾ ഇളയമകൻ ശെഹൂബും മരിച്ചു.

1 LALTE 16 വായിക്കുക