എദോംരാജകുടുംബത്തിൽപ്പെട്ട ഹദദിനെ ശലോമോന് എതിരെ ദൈവം തിരിച്ചുവിട്ടു. ദാവീദ് എദോമിലായിരുന്നപ്പോൾ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനു സേനാനായകനായ യോവാബ് അവിടെ ചെന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന പുരുഷന്മാരെയെല്ലാം അയാൾ വധിച്ചു. എദോമിലുള്ള പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേൽസൈന്യവും അവിടെ പാർത്തിരുന്നു. ആ കാലത്തു ഹദദും അയാളുടെ പിതാവിന്റെ ഏതാനും ദാസന്മാരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. അന്നു ഹദദ് ഒരു കൊച്ചുകുട്ടി ആയിരുന്നു. അവർ മിദ്യാനിൽനിന്നു പാരാനിലെത്തി; അവിടെനിന്ന് ഏതാനും ആളുകളെക്കൂട്ടി ഈജിപ്തിൽ ഫറവോയുടെ അടുക്കൽ ചെന്നു. ഫറവോ അയാൾക്ക് ഒരു ഭവനവും കുറച്ചു സ്ഥലവും ആഹാരത്തിനുള്ള വകയും കൊടുത്തു. ഫറവോയ്‍ക്കു ഹദദിനോടു വലിയ പ്രീതി തോന്നി; അദ്ദേഹം തന്റെ ഭാര്യ തഹ്പെനേസ്‍രാജ്ഞിയുടെ സഹോദരിയെ അയാൾക്കു ഭാര്യയായി നല്‌കി. ഹദദിന് അവളിൽ ഗെനൂബത്ത് എന്നൊരു പുത്രനുണ്ടായി. മുലകുടി മാറിയപ്പോൾ രാജ്ഞി അവനെ ഫറവോയുടെ പുത്രന്മാരുടെകൂടെ വളർത്തി. ദാവീദും സേനാനായകനായ യോവാബും മരിച്ചു എന്നു കേട്ടപ്പോൾ ഹദദ് ജന്മദേശത്തേക്കു മടങ്ങിപ്പോകാൻ ഫറവോയോട് അനുവാദം ചോദിച്ചു. രാജാവ് അവനോടു ചോദിച്ചു: “നീ എന്തിനു പോകുന്നു? ഇവിടെ നിനക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടാണോ പോകാൻ ആഗ്രഹിക്കുന്നത്?” “എനിക്ക് ഒന്നിനും കുറവുണ്ടായിട്ടല്ല; എന്നെ വിട്ടയച്ചാലും; അയാൾ വീണ്ടും അപേക്ഷിച്ചു. എല്യാദായുടെ പുത്രനായ രെസോനെയും ദൈവം ശലോമോന്റെ എതിരാളിയാക്കി. അയാൾ സോബാരാജാവും തന്റെ യജമാനനുമായ ഹദദേസെരുടെ അടുക്കൽനിന്ന് ഓടിപ്പോന്നവനായിരുന്നു. ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോൾ അയാൾ ഒരു കവർച്ചസംഘം സംഘടിപ്പിച്ച് അതിന്റെ തലവനായിത്തീർന്നു. അവർ ദമാസ്കസിൽ ചെന്ന് അവിടെ പാർത്തു. അനുയായികൾ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു. ശലോമോന്റെ ജീവിതകാലം മുഴുവൻ ഹദദിനെപ്പോലെ അയാളും ശല്യം ചെയ്തുകൊണ്ട് ഇസ്രായേലിന്റെ ശത്രുവായി വർത്തിച്ചു. ശലോമോൻരാജാവിന്റെ മറ്റൊരു ശത്രു തന്റെ ഭൃത്യനും സെരേദയിൽനിന്നുള്ള എഫ്രയീംകാരൻ നെബാത്തിന്റെ പുത്രനുമായ യെരോബെയാം ആയിരുന്നു. സെരൂയാ എന്ന ഒരു വിധവയുടെ മകനായിരുന്നു അയാൾ. രാജാവിനോട് അയാൾ മത്സരിക്കാൻ ഒരു കാരണമുണ്ടായിരുന്നു. ശലോമോൻ മില്ലോ പണിയുകയും തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്തു; തത്സമയം കഴിവുറ്റവനും പരിശ്രമശീലനുമായ യെരോബെയാമിനെ യോസേഫ്ഗോത്രക്കാരുടെ ദേശത്തുള്ള അടിമവേലയുടെ മേൽനോട്ടം വഹിക്കാൻ ശലോമോൻ നിയമിച്ചു; ഒരു ദിവസം യെരോബെയാം യെരൂശലേമിൽനിന്നു പുറത്തുവരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ അയാളെ വഴിയിൽവച്ചു കണ്ടു. അപ്പോൾ അവർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്രവാചകൻ താൻ ധരിച്ചിരുന്ന പുതിയ അങ്കി ഊരി അതു പന്ത്രണ്ടു കഷണങ്ങളായി കീറി. പ്രവാചകൻ യെരോബെയാമിനോടു പറഞ്ഞു: “പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ ശലോമോന്റെ കൈയിൽനിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങളുടെ ദേശം നിനക്കു തരും. എന്റെ ദാസനായ ദാവീദിനെ ഓർത്തും ഇസ്രായേലിൽനിന്ന് എനിക്കു സ്വന്തമായി തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെ ഓർത്തും ഞാൻ ഒരു ഗോത്രം ശലോമോനു വിട്ടുകൊടുക്കും; ശലോമോൻ എന്നെ ഉപേക്ഷിച്ചു സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മിൽക്കോമിനെയും ആരാധിച്ചു. അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ മാർഗത്തിൽ ചരിക്കുകയോ, എന്റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. ഞാൻ രാജ്യം അവനിൽനിന്ന് എടുത്തുകളയാൻ കാരണം അതാണ്. എങ്കിലും രാജ്യം മുഴുവൻ ശലോമോനിൽനിന്ന് എടുത്തുകളകയില്ല. ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളും ചട്ടങ്ങളും അനുസരിച്ചവനുമായ ദാവീദിനെ ഓർത്തു ശലോമോന്റെ ജീവിതകാലം മുഴുവൻ അവൻ രാജാവായിരിക്കും. അവന്റെ പുത്രന്റെ കാലത്തു പത്തു ഗോത്രങ്ങൾ എടുത്തു നിനക്കു തരും. എങ്കിലും എന്റെ നാമം നിലനിർത്തുന്നതിനുവേണ്ടി ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൽ ദാവീദിന്റെ ഒരു ദീപം എന്റെ മുമ്പിൽ ഉണ്ടായിരിക്കാൻവേണ്ടി ഒരു ഗോത്രം ഞാൻ അവനു നല്‌കും. ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവാക്കും; നീ വാഴാൻ ആഗ്രഹിക്കുന്ന സ്ഥലത്തെല്ലാം നീ രാജാവായി ഭരിക്കും. എന്നെ സമ്പൂർണമായി അനുസരിക്കുകയും ദാവീദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മുമ്പാകെ നീതിപൂർവം ജീവിക്കുകയും ചെയ്താൽ ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും. ദാവീദിനെന്നപോലെ നിനക്കും രാജസ്ഥാനം സ്ഥിരമാക്കുകയും ചെയ്യും. ശലോമോന്റെ പാപം നിമിത്തം ദാവീദിന്റെ പിൻതലമുറക്കാരെ ഞാൻ ശിക്ഷിക്കും. എന്നാൽ അത് എന്നേക്കുമായിരിക്കുകയില്ല.” ഇക്കാരണത്താൽ ശലോമോൻ യെരോബെയാമിനെ കൊല്ലാൻ ശ്രമിച്ചു; അതുകൊണ്ടു യെരോബെയാം ഈജിപ്തിലെ രാജാവായ ശീശക്കിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അവിടെത്തന്നെ പാർത്തു. ശലോമോനെ സംബന്ധിച്ച മറ്റെല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവും ശലോമോന്റെ ചരിത്രക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ശലോമോൻ യെരൂശലേമിൽ പാർത്തുകൊണ്ട് ഇസ്രായേലിനെ മുഴുവൻ നാല്പതു വർഷം ഭരിച്ചു. പിന്നീട് അദ്ദേഹം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. ശലോമോനു പകരം അദ്ദേഹത്തിന്റെ പുത്രനായ രെഹബെയാം രാജാവായി.
1 LALTE 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 LALTE 11:14-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ