1 KORINTH 9:13-27

1 KORINTH 9:13-27 MALCLBSI

ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ദൈവാലയത്തിൽ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തിൽ യാഗം അർപ്പിക്കുന്നവർക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങൾക്ക് അറിയാമല്ലോ. അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവർ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കർത്താവിന്റെ കല്പന. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമർഥിക്കുവാൻ പോകുന്നില്ല; അതിൽ ഭേദം ഞാൻ മരിക്കുകയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം! ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാൻ ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധർമം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. അപ്പോൾ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തിൽ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം. ഞാൻ ആരുടെയും അടിമയല്ല; ഞാൻ സ്വതന്ത്രനാണ്. എന്നാൽ കഴിയുന്നത്ര ആളുകളെ നേടേണ്ടതിന്, ഞാൻ എന്നെത്തന്നെ എല്ലാവരുടെയും അടിമയാക്കി. ഞാൻ യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിച്ചപ്പോൾ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാൻ ജീവിച്ചു; ഞാൻ മോശയുടെ നിയമസംഹിതയ്‍ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവർത്തിച്ചപ്പോൾ അവരെ നേടേണ്ടതിന് അവരെപ്പോലെയായി. അതുപോലെതന്നെ വിജാതീയരുടെ ഇടയിൽ പ്രവർത്തിച്ചപ്പോൾ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാൻ ജീവിച്ചു. ദൈവത്തിന്റെ ധർമശാസ്ത്രം ഞാൻ അനുസരിക്കുന്നില്ല എന്ന് ഇതിനർഥമില്ല. യഥാർഥത്തിൽ ഞാൻ ക്രിസ്തുവിന്റെ ധർമശാസ്ത്രത്തിനു വിധേയനാണ്. വിശ്വാസത്തിൽ ബലഹീനരായവരെ നേടേണ്ടതിന് ഞാൻ അവരുടെ മധ്യത്തിൽ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാൻ എല്ലാ വിധത്തിലും എല്ലാവർക്കുംവേണ്ടി എല്ലാമായിത്തീർന്നു. സുവിശേഷത്തിന്റെ അനുഗ്രഹങ്ങൾക്ക് പങ്കാളിയായിത്തീരുന്നതിനു സുവിശേഷത്തെ പ്രതി ഞാൻ ഇതെല്ലാം ചെയ്യുന്നു. ഓട്ടക്കളത്തിൽ പലരും ഓടുന്നെങ്കിലും ഒരാൾ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക. വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തിൽ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാൽ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്. അതുകൊണ്ട് ഞാൻ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാൻ മുഷ്‍ടിപ്രഹരം നടത്തുകയും ചെയ്യുന്നു. ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാൻ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാൻ, എന്റെ ശരീരത്തെ മർദിച്ച് പരിപൂർണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

1 KORINTH 9 വായിക്കുക