1 KORINTH 16:10-24

1 KORINTH 16:10-24 MALCLBSI

തിമൊഥെയോസ് വന്നാൽ നിങ്ങളുടെ ഇടയിൽ നിർഭയം പ്രവർത്തിക്കുവാൻ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാൾ കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്. സഹോദരന്മാരോടൊപ്പം ഞാൻ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്റെ അടുക്കൽ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാൻ നിങ്ങൾ അയാളെ സഹായിക്കണം. സഹോദരനായ അപ്പൊല്ലൊസിന്റെ കാര്യമാണെങ്കിൽ, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദർശിക്കുന്നതിന് അയാളെയും ഞാൻ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അടുക്കൽ വരുന്നതിന് അയാൾക്കു പൂർണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോൾ വരുന്നതാണ്. ഉണർന്നിരിക്കുക; വിശ്വാസത്തിൽ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹപൂർവം ആയിരിക്കട്ടെ. സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങൾക്കറിയാമല്ലോ; അഖായയിൽ ആദ്യം ക്രിസ്തുമാർഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്റെ ശുശ്രൂഷയ്‍ക്കായി അവർ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങൾ കീഴ്പെട്ടിരിക്കണം. സ്തേഫാനോസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകർന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങൾ ആദരിക്കണം. ഏഷ്യാദേശത്തിലെ സഭകൾ അവരുടെ അഭിവാദനങ്ങൾ അറിയിക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും നിങ്ങളെ ഹാർദമായി അഭിവാദനം ചെയ്യുന്നു. ഇവിടെയുള്ള സകല സഹോദരരും അവരുടെ അഭിവാദനങ്ങൾ അറിയിക്കുന്നു. സഹോദരനിർവിശേഷമായ ചുംബനത്താൽ നിങ്ങൾ അന്യോന്യം വന്ദനം ചെയ്യുക. എന്റെ സ്വന്തം കൈകൊണ്ട് ഞാൻ ഇതെഴുതുന്നു: പൗലൊസിൽനിന്ന് നിങ്ങൾക്ക് അഭിവാദനങ്ങൾ. കർത്താവിനെ സ്നേഹിക്കാത്തവൻ ആരുതന്നെ ആയാലും അവൻ ശപിക്കപ്പെട്ടവൻ! മാറാനാഥാ-ഞങ്ങളുടെ കർത്താവേ, വന്നാലും! കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.

1 KORINTH 16 വായിക്കുക