1 CHRONICLE 5
5
രൂബേന്റെ പിൻഗാമികൾ
1രൂബേൻ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ഉപഭാര്യയെ പ്രാപിച്ചതുമൂലം അയാളുടെ ജന്മാവകാശം അനുജനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു. #5:1 അയാളെ = ഉൽപത്തി 35:22;49:4അയാളെ ആദ്യജാതനായി വംശാവലിയിൽ ഉൾപ്പെടുത്തിയുമില്ല. 2സഹോദരന്മാരിൽ യെഹൂദാ ഏറ്റവും പ്രബലനാവുകയും അയാളുടെ പിൻഗാമികളിൽനിന്നും ഒരു നായകൻ ഉയരുകയും ചെയ്തിട്ടും ജ്യേഷ്ഠാവകാശം യോസേഫിനുതന്നെ ലഭിച്ചു. 3ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, 4പല്ലൂ, ഹെസ്രോൻ, കർമ്മി. യോവേലിന്റെ പുത്രന്മാർ തലമുറക്രമത്തിൽ: ശെമയ്യാ, ഗോഗ്, ശിമെയി; 5-6മീഖാ, രെയായാ, ബാൽ, അസ്സീറിയ രാജാവായ തിഗ്ലത്ത്-പിൽനേസെർ തടവുകാരനാക്കി കൊണ്ടുപോയ ബയേരാ. അയാൾ രൂബേൻഗോത്രത്തിന്റെ നേതാവായിരുന്നു. 7രൂബേൻഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: 8യയീയേൽ, സെഖര്യാ, യോവേലിന്റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്റെ പുത്രനും ആയ ബേല. അവർ അരോവേരും നെബോമുതൽ ബാൽ-മെയോൻ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു. 9ഗിലെയാദിൽ അവരുടെ കന്നുകാലികൾ വളരെ വർധിച്ചതുകൊണ്ട് അവർ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതൽ മരുഭൂമിവരെയുള്ള പ്രദേശത്തു പാർത്തു. 10ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരെ യുദ്ധത്തിൽ തോല്പിച്ച് ഗിലെയാദിന്റെ കിഴക്കുദേശം മുഴുവൻ സ്വന്തമാക്കി, അവിടെ കൂടാരം അടിച്ചു പാർത്തു.
ഗാദിന്റെ പിൻഗാമികൾ
11ഗാദിന്റെ പുത്രന്മാർ രൂബേന്യർക്കു വടക്കു ബാശാൻദേശത്തു സൽക്കാവരെ പാർത്തു. 12അവരുടെ തലവൻ യോവേൽ, രണ്ടാമൻ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്. 13അവരുടെ ഗോത്രത്തിലെ മറ്റു കുലത്തലവന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴു പേർ. 14ഇവർ ഹൂരിയുടെ പുത്രൻ അബീഹയേലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യരോഹായുടെയും യരോഹാ ഗിലെയാദിന്റെയും, ഗിലെയാദ് മീഖായേലിന്റെയും മീഖായേൽ യെശീശയുടെയും യെശീശ യെഹദോയുടെയും യെഹദോ ബൂസിന്റെയും പുത്രന്മാരാണ്. 15ഗൂനിയുടെ പുത്രനായ അബ്ദീയേലിന്റെ പുത്രൻ അഹി അവരുടെ പിതൃഭവനത്തിന്റെ തലവനായിരുന്നു. 16അവർ ഗിലെയാദിലെ ബാശാനിലും അതിർത്തിവരെയുള്ള അതിന്റെ പട്ടണങ്ങളിലും ശാരോനിലെ മേച്ചിൽസ്ഥലങ്ങളിലുമായി പാർത്തു. 17യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേൽരാജാവായ യെരോബെയാമിന്റെയും കാലത്താണ് ഇവരുടെ വംശാവലി രേഖപ്പെടുത്തിയത്.
പൗരസ്ത്യഗോത്രക്കാരുടെ സൈന്യങ്ങൾ
18രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പകുതി ഗോത്രത്തിലുമായി ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ള നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു യോദ്ധാക്കൾ ഉണ്ടായിരുന്നു. 19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു. 20ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരുടെ പ്രാർഥനയ്‍ക്കുത്തരമരുളി. അവിടുത്തെ സഹായത്താൽ അവർ യുദ്ധത്തിൽ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേൽ വിജയം വരിച്ചു. 21അവർ ശത്രുക്കളുടെ അമ്പതിനായിരം ഒട്ടകങ്ങളെയും രണ്ടരലക്ഷം ആടുകളെയും രണ്ടായിരം കഴുതകളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചുകൊണ്ടുപോയി. 22യുദ്ധം നടന്നതു ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട് അവർക്ക് വളരെപ്പേരെ കൊല്ലുവാൻ കഴിഞ്ഞു. പ്രവാസകാലംവരെ അവർ അവിടെ പാർത്തു.
പൗരസ്ത്യ മനശ്ശെയിലെ ജനം
23മനശ്ശെയിലെ പകുതി ഗോത്രക്കാർ ദേശത്തു വർധിച്ചു; ബാശാൻമുതൽ ബാൽ-ഹെർമ്മോൻ, സെനീർ, ഹെർമ്മോൻ മല എന്നിവിടംവരെ പാർത്തു. 24അവരുടെ പിതൃഭവനത്തലവന്മാരായ ഏഫെർ, ഇശി, എലീയേൽ, അസ്‍ത്രീയേൽ, യിരെമ്യാ, ഹോദവ്യാ, യെഹദീയേൽ എന്നിവർ പ്രസിദ്ധരായ വീരയോദ്ധാക്കൾ ആയിരുന്നു.
ബഹിഷ്കൃതരായ പൗരസ്ത്യഗോത്രങ്ങൾ
25എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ച് ദൈവം അവരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ദേവന്മാരെ ആരാധിച്ചു. 26അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ-തിഗ്ലത്ത് പിൽനേസെരിനെ-അവർക്കെതിരെ അയച്ചു. അവൻ രൂബേൻ, ഗാദ് ഗോത്രങ്ങളെയും മനശ്ശെയുടെ പകുതി ഗോത്രത്തെയും തടവുകാരാക്കി ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി. അവർ ഇന്നും അവിടെ പാർക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 CHRONICLE 5: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.