പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്, അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം, ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു. അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.