അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു. ശൗൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.