ഉല്പത്തി 7

7
1അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. 2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും, 3ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. 4ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും. 5യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
6ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. 7#മത്തായി 24:38,39; ലൂക്കൊസ് 17:27നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. 8ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, 9ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. 11#2. പത്രൊസ് 3:6നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. 12നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. 13അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. 14അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ. 15ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 16ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു. 17ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു. 18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. 19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. 20പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി. 21പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി. 22കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു. 23ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. 24വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요