Logo YouVersion
Icona Cerca

ഉൽപത്തി 17

17
1അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. 2എനിക്കും നിനക്കും മധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. 3അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: 4എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികൾക്കു പിതാവാകും; 5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. 6ഞാൻ നിന്നെ അധികമധികമായി വർധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും. 7ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. 8ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. 9ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. 10എനിക്കും നിങ്ങൾക്കും നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. 11നിങ്ങളുടെ അഗ്രചർമം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. 12തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി. 13നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വില കൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. 14അഗ്രചർമിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു. 15ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്ന് ഇരിക്കേണം. 16ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു. 17അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. 18യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. 19അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. 20യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും. 21എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു. 22ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. 23അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു. 24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. 25അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു. 26അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. 27വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോട് അവൻ വിലയ്ക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടു കൂടെ പരിച്ഛേദന ഏറ്റു.

Attualmente Selezionati:

ഉൽപത്തി 17: MALOVBSI

Evidenzia

Condividi

Copia

None

Vuoi avere le tue evidenziazioni salvate su tutti i tuoi dispositivi?Iscriviti o accedi

Video per ഉൽപത്തി 17