Akara Njirimara YouVersion
Akara Eji Eme Ọchịchọ

ഉല്പ. 27

27
യാക്കോബിനെ അനുഗ്രഹിക്കുന്നു
1യിസ്ഹാക്ക് വൃദ്ധനായി അവന്‍റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്തമകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു.
അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.
2അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്‍റെ മരണദിവസം അറിയുന്നതുമില്ല. 3നീ ഇപ്പോൾ നിന്‍റെ ആയുധങ്ങളായ വില്ലും പൂണിയും#27:3 പൂണിയും അമ്പിന്‍റെ ഉറ. എടുത്തു കാട്ടിൽ ചെന്നു എനിക്കുവേണ്ടി വേട്ടതേടി 4എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പ് ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ അടുക്കൽ കൊണ്ടുവരുക” എന്നു പറഞ്ഞു.
5യിസ്ഹാക്ക് തന്‍റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. 6റിബെക്കാ തന്‍റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്‍റെ അപ്പൻ നിന്‍റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു: 7‘ഞാൻ എന്‍റെ മരണത്തിനു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു. 8അതുകൊണ്ട് മകനേ, നീ എന്‍റെ വാക്ക് കേട്ടു ഞാൻ നിന്നോട് കല്പിക്കുന്നത് ചെയ്ക. 9ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരുക; ഞാൻ അവയെക്കൊണ്ട് നിന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും. 10നിന്‍റെ അപ്പൻ തിന്നു തന്‍റെ മരണത്തിനു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം.”
11അതിന് യാക്കോബ് തന്‍റെ അമ്മയായ റിബെക്കായോട്: “എന്‍റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ. 12പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്നു അപ്പന് തോന്നിയിട്ട് ഞാൻ എന്‍റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
13അവന്‍റെ അമ്മ അവനോട്: “മകനേ, നിന്‍റെ ശാപം എന്‍റെ മേൽ വരട്ടെ; എന്‍റെ വാക്കുമാത്രം അനുസരിക്കുക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.
14അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി. 15പിന്നെ റിബെക്കാ വീട്ടിൽ തന്‍റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്‍റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. 16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. 17താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്‍റെ മകനായ യാക്കോബിന്‍റെ കയ്യിൽ കൊടുത്തു.
18അവൻ അപ്പന്‍റെ അടുക്കൽ ചെന്നു: “അപ്പാ” എന്നു പറഞ്ഞതിന്:
“ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്നു അവൻ ചോദിച്ചു.
19യാക്കോബ് അപ്പനോട്: “ഞാൻ നിന്‍റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
20യിസ്ഹാക്ക് തന്‍റെ മകനോട്: “മകനേ, നിനക്കു ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്നു ചോദിച്ചു.
അതിന് “അങ്ങേയുടെ ദൈവമായ യഹോവ എന്‍റെ നേർക്കു വരുത്തിത്തന്നു” എന്നു അവൻ പറഞ്ഞു.
21യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്‍റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു. 22യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്‍റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്‍റെ കൈകൾ തന്നെ” എന്നു പറഞ്ഞു. 23അവന്‍റെ കൈകൾ സഹോദരനായ ഏശാവിന്‍റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 24“നീ എന്‍റെ മകൻ ഏശാവ് തന്നെയോ” എന്നു അവൻ ചോദിച്ചു.
അതിന്: “അതേ” എന്നു അവൻ പറഞ്ഞു.
25അപ്പോൾ യിസ്ഹാക്ക്: “എന്‍റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ മകന്‍റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു. 26പിന്നെ അവന്‍റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു.
27അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്‍റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്:
“ഇതാ, എന്‍റെ മകന്‍റെ വാസന
യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
28ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.
29വംശങ്ങൾ നിന്നെ സേവിക്കട്ടെ;
ജനതകൾ നിന്നെ വണങ്ങട്ടെ;
നിന്‍റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക;
നിന്‍റെ മാതാവിൻ്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.
നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;
നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.”
30യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്‍റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
31അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്‍റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
32അവന്‍റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചു.
അതിന്: “ഞാൻ അങ്ങേയുടെ മകൻ, അങ്ങേയുടെ ആദ്യജാതൻ ഏശാവ്” എന്നു അവൻ പറഞ്ഞു.
33അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്‍റെ അടുക്കൽ കൊണ്ടുവന്നവൻ ആരാകുന്നു? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
34ഏശാവ് അപ്പന്‍റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്നു അപ്പനോട് പറഞ്ഞു.
35അതിന് അവൻ: “നിന്‍റെ സഹോദരൻ ഉപായത്തോടെ വന്നു നിന്‍റെ അനുഗ്രഹം അപഹരിച്ചു” എന്നു പറഞ്ഞു.
36“ശരി, യാക്കോബ്#27:36 കുതികാല്‍ പിടിക്കുന്നവന്‍, ഉപായി എന്നല്ലോ അവന്‍റെ പേർ; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്‍റെ ജ്യേഷ്ഠാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്‍റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്നു അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്നു അവൻ ചോദിച്ചു.
37യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെ എല്ലാവരേയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്ത് ചെയ്യേണ്ടു മകനേ?” എന്നു ഉത്തരം പറഞ്ഞു.
38ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങേയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
39അപ്പോൾ അവന്‍റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്:
“നിന്‍റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും
മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
40നിന്‍റെ വാളുകൊണ്ടു നീ ഉപജീവിക്കും;
നിന്‍റെ സഹോദരനെ നീ സേവിക്കും.
നിന്‍റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ
നീ അവന്‍റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.”
41തന്‍റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്നു ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
42മൂത്തമകനായ ഏശാവിന്‍റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ച് വിളിപ്പിച്ച് അവനോട് പറഞ്ഞത്: “നിന്‍റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. 43അതുകൊണ്ട് മകനേ, എന്‍റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്‍റെ സഹോദരനായ ലാബാൻ്റെ അടുക്കലേക്ക് ഓടിപ്പോകുക. 44നിന്‍റെ സഹോദരന്‍റെ ക്രോധം തീരുവോളം കുറെ ദിവസം അവന്‍റെ അടുക്കൽ പാർക്കുക. 45നിന്‍റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോട് ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ച് നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്?”
46പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്‍റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.

Nke Ahọpụtara Ugbu A:

ഉല്പ. 27: IRVMAL

Mee ka ọ bụrụ isi

Kesaa

Mapịa

None

Ịchọrọ ka echekwaara gị ihe ndị gasị ị mere ka ha pụta ìhè ná ngwaọrụ gị niile? Debanye aha gị ma ọ bụ mee mbanye