JOHANA 21

21
യേശു വീണ്ടും പ്രത്യക്ഷനാകുന്നു
1യേശു തിബര്യാസ് തടാകത്തിന്റെ തീരത്തുവച്ച് ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് ഇപ്രകാരമായിരുന്നു: 2ശിമോൻ പത്രോസും ദിദിമോസ് എന്നു വിളിക്കുന്ന തോമസും ഗലീലയിലെ കാനായിലുള്ള നഥാനിയേലും സെബദിയുടെ പുത്രന്മാരും ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. 3അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.”
അവർ അദ്ദേഹത്തോട് “ഞങ്ങളും വരുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വഞ്ചിയിൽ കയറിപ്പോയി. എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. 4പ്രഭാതമായപ്പോൾ യേശു തടാകത്തിന്റെ കരയ്‍ക്കു നില്‌ക്കുകയായിരുന്നു. എന്നാൽ അത് യേശു ആണെന്നു ശിഷ്യന്മാർ മനസ്സിലാക്കിയില്ല. 5യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീൻ വല്ലതും കിട്ടിയോ?”
“ഒന്നും കിട്ടിയില്ല” എന്ന് അവർ പറഞ്ഞു.
6അവിടുന്ന് അവരോട് അരുൾചെയ്തു: “നിങ്ങൾ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോൾ നിങ്ങൾക്കു കിട്ടും” അവർ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാൻ കഴിയാത്തവിധം വലയിൽ മീൻ അകപ്പെട്ടു.
7യേശുവിന്റെ വത്സലശിഷ്യൻ അപ്പോൾ പത്രോസിനോട് “അതു കർത്താവാണ്” എന്നു പറഞ്ഞു. ശിമോൻപത്രോസ് അപ്പോൾ വസ്ത്രം ധരിച്ചിരുന്നില്ല. അതു കർത്താവാകുന്നു എന്നു കേട്ടമാത്രയിൽ പുറങ്കുപ്പായം അരയിൽചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി. 8എന്നാൽ മറ്റു ശിഷ്യന്മാർ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയിൽത്തന്നെ വന്നടുത്തു. അവർ കരയിൽനിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 9അവർ കരയ്‍ക്കിറങ്ങിയപ്പോൾ തീക്കനൽ കൂട്ടി അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. 10യേശു അവരോട് “ഇപ്പോൾ നിങ്ങൾ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു.
11ശിമോൻപത്രോസ് വഞ്ചിയിൽ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല. 12യേശു അവരോട്, വന്നു പ്രാതൽ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാൻ ശിഷ്യന്മാർ ആരും മുതിർന്നില്ല. അതു കർത്താവാണെന്ന് അവർക്ക് അറിയാമായിരുന്നു. 13യേശു ചെന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും.
14മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു.
പത്രോസിനെ വീണ്ടും നിയോഗിക്കുന്നു
15പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?”
“ഉവ്വ് കർത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു.
യേശു പത്രോസിനോട് “എന്റെ കുഞ്ഞാടുകളെ മേയ്‍ക്കുക” എന്ന് അരുൾചെയ്തു. 16യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു.
“ഉവ്വ് കർത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു.
“എന്റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുൾചെയ്തു. 17മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാൽ പത്രോസിനു വ്യസനമുണ്ടായി. “കർത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു.
ഉടനെ യേശു അരുൾചെയ്തു: “എന്റെ ആടുകളെ മേയ്‍ക്കുക; 18നീ യുവാവായിരുന്നപ്പോൾ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാൾ നിന്റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാൻ ഉറപ്പിച്ചുപറയുന്നു.”
19പത്രോസ് എങ്ങനെയുള്ള മരണത്താൽ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുൾചെയ്തു.
വത്സലശിഷ്യനെക്കുറിച്ച്
20പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശുവിന്റെ വത്സലശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവൻ ആരാണ്?” എന്ന് അത്താഴവേളയിൽ അവിടുത്തെ മാറോടു ചേർന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്. 21അപ്പോൾ പത്രോസ് യേശുവിനോട്, “ഇയാളുടെ കാര്യം എന്താകും?” എന്നു ചോദിച്ചു.
22യേശു പറഞ്ഞു: “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് അതിലെന്താണ്? നീ എന്നെ അനുഗമിക്കുക!”
23അങ്ങനെ ആ ശിഷ്യൻ മരിക്കുകയില്ല എന്ന ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. എന്നാൽ യേശു അരുൾചെയ്തത് അയാൾ മരിക്കുകയില്ല എന്നല്ല, “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് അതിലെന്ത്?” എന്നായിരുന്നു.
24ആ ശിഷ്യൻതന്നെയാണ് ഇതെഴുതിയതും മേല്പറഞ്ഞ കാര്യങ്ങൾക്കെല്ലാം സാക്ഷ്യം വഹിക്കുന്നതും. അയാളുടെ സാക്ഷ്യം സത്യമാണെന്നു നമുക്കറിയാം.
സമാപനം
25യേശു ചെയ്തിട്ടുള്ള മറ്റനേകം കാര്യങ്ങളുണ്ട്. അവ ഓരോന്നും രേഖപ്പെടുത്തുകയാണെങ്കിൽ അങ്ങനെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങൾ ലോകത്തിൽ എങ്ങും ഒതുങ്ങുമെന്നു തോന്നുന്നില്ല.

Pilihan Saat Ini:

JOHANA 21: malclBSI

Sorotan

Berbagi

Salin

None

Ingin menyimpan sorotan di semua perangkat Anda? Daftar atau masuk