JOHANA 20

20
യേശു ഉയിർത്തെഴുന്നേല്‌ക്കുന്നു
(മത്താ. 28:1-8; മർക്കോ. 16:1-8; ലൂക്കോ. 24:1-12)
1ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലേനമറിയം കല്ലറയ്‍ക്കു സമീപം എത്തി. അപ്പോൾ കല്ലറയുടെ വാതിൽക്കൽനിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവർ കണ്ടു. 2ഉടനെ അവർ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: “കർത്താവിനെ അവർ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.” 3ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്‍ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു; 4എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയ്‍ക്കടുത്തെത്തി. 5അയാൾ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു; 6പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോൻ പത്രോസും അപ്പോൾ എത്തിച്ചേർന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചു. 7മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയിൽ ചുറ്റിയിരുന്ന തുവാല വേർപെട്ട്, ചുറ്റിയിരുന്ന വിധത്തിൽത്തന്നെ ഇരിക്കുന്നതും കണ്ടു. 8ആദ്യം കല്ലറയ്‍ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. 9യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവർ ഗ്രഹിച്ചിരുന്നില്ല. 10അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവർ മടങ്ങിപ്പോയി.
മഗ്ദലേനമറിയമിനു പ്രത്യക്ഷനാകുന്നു
(മത്താ. 28:9-10; മർക്കോ. 16:9-11)
11-12മറിയം കല്ലറയുടെ വെളിയിൽ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്‍ക്ക് കല്ലറയ്‍ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാർ ഒരാൾ തലയ്‍ക്കലും മറ്റെയാൾ കാല്‌ക്കലും ആയി ഇരിക്കുന്നതു കണ്ടു.
13അവർ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു.
മറിയം പറഞ്ഞു: “എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.”
14ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോൾ യേശു നില്‌ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല. 15യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു.
അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാൻ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളാം” എന്ന് അവൾ പറഞ്ഞു.
16അപ്പോൾ യേശു “മറിയം” എന്നു വിളിച്ചു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്റെ അർഥം ‘ഗുരോ’ എന്നാണ്.
17അപ്പോൾ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോയില്ല. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു ഞാൻ കയറിപ്പോകുകയാണെന്ന് എന്റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു.
18മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാൻ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു.
ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
(മത്താ. 28:16-20; മർക്കോ. 16:14-18; ലൂക്കോ. 24:36-49)
19ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാർ ഇരുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട് “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുൾചെയ്തു. 20അതിനുശേഷം അവിടുന്ന് തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ അവർ ആനന്ദഭരിതരായി. 21യേശു വീണ്ടും അരുൾചെയ്തു: “നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‍ക്കുന്നു.” 22ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേൽ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക; 23നിങ്ങൾ ആരുടെ പാപങ്ങൾക്കു മാപ്പു കൊടുക്കുന്നുവോ അവർക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങൾക്കു മോചനം നല്‌കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുൾചെയ്തു.
തോമസിന്റെ സംശയം നീക്കുന്നു
24യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു. 25“ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് അവർ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരലിടുകയും അവിടുത്തെ പാർശ്വത്തിൽ എന്റെ കൈയിടുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു.
26എട്ടാം ദിവസം യേശുവിന്റെ ശിഷ്യന്മാർ വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു. 27യേശു അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. 28പിന്നീട് അവിടുന്നു തോമസിനോട് അരുൾചെയ്തു: “എന്റെ കൈകൾ കാണുക; നിന്റെ വിരൽ ഇങ്ങോട്ടു നീട്ടൂ; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.”
അപ്പോൾ തോമസ് “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പ്രതിവചിച്ചു.
29യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവർ! എത്ര അനുഗ്രഹിക്കപ്പെട്ടവർ!” എന്നു പറഞ്ഞു.
ഈ പുസ്തകത്തിന്റെ ലക്ഷ്യം
30ഈ പുസ്തകത്തിൽ രേഖപ്പെടുത്താത്ത മറ്റനേകം അടയാളപ്രവൃത്തികൾ ശിഷ്യന്മാരുടെ കൺമുമ്പിൽവച്ച് യേശു ചെയ്തിട്ടുണ്ട്. 31യേശു ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ അവിടുത്തെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനുമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്.

Pilihan Saat Ini:

JOHANA 20: malclBSI

Sorotan

Berbagi

Salin

None

Ingin menyimpan sorotan di semua perangkat Anda? Daftar atau masuk