Logo YouVersion
Îcone de recherche

JOHANA 13

13
യേശു ശിഷ്യന്മാരുടെ കാല് കഴുകുന്നു
1അന്ന് പെസഹാപെരുന്നാളിന്റെ തലേദിവസമായിരുന്നു. താൻ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തിൽ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂർണമായി സ്നേഹിക്കുകയും ചെയ്തു.
2ആ സായാഹ്നത്തിൽ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തിൽ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു. 3പിതാവു സമസ്തകാര്യങ്ങളും തന്റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട് 4അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവർത്തെടുത്ത് അരയ്‍ക്കു കെട്ടി. 5പിന്നീട് ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തുവർത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു. 6യേശു ശിമോൻപത്രോസിന്റെ അടുക്കൽ ചെന്നപ്പോൾ, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. 7യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.”
8അപ്പോൾ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു.
യേശു പ്രതിവചിച്ചു: “ഞാൻ നിന്റെ കാലു കഴുകുന്നില്ലെങ്കിൽ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.”
9അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.”
10യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു #13:10 ചില കൈയെഴുത്തു പ്രതികളിൽ ‘കുളി കഴിഞ്ഞവൻ പിന്നീട് കഴുകേണ്ടതില്ല’ എന്നാണ്; ‘കാലുമാത്രമേ’ എന്നില്ല.കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. 11തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
12ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാൻ നിങ്ങൾക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ? 13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. ഞാൻ ഗുരുവും കർത്താവും ആകുന്നതുകൊണ്ട് നിങ്ങൾ അങ്ങനെ വിളിക്കുന്നതു ശരിതന്നെ. 14നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും അന്യോന്യം പാദങ്ങൾ കഴുകേണ്ടതാണ്. 15ഞാൻ നിങ്ങൾക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. 16ഞാൻ ഉറപ്പിച്ചു പറയുന്നു: ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല. 17ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും.
18“നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവൻ എന്റെ കുതികാലു വെട്ടാൻ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ. 19ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാൻ നിങ്ങളെ അറിയിക്കുകയാണ്. 20ഞാൻ ഉറപ്പിച്ചുപറയുന്നു: ഞാൻ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.”
ഒറ്റിക്കൊടുക്കലിനെപ്പറ്റി
(മത്താ. 26:20-25; മർക്കോ. 14:17-21; ലൂക്കോ. 22:21-23)
21ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.”
22അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ അന്ധാളിച്ച് അന്യോന്യം നോക്കി. 23യേശുവിന്റെ വത്സലശിഷ്യൻ അവിടുത്തെ മാറിൽ ചാരി ഇരിക്കുകയായിരുന്നു. 24ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാൻ ശിമോൻപത്രോസ് അയാളോട് ആംഗ്യം കാട്ടി.
25യേശുവിന്റെ മാറിൽ ചാരിക്കൊണ്ടുതന്നെ അയാൾ ചോദിച്ചു: “കർത്താവേ ആരാണത്?”
26യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അയാൾ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു. 27അപ്പക്കഷണം കിട്ടിയ ഉടനെ സാത്താൻ യൂദാസിൽ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാൻ പോകുന്നതു വേഗം ചെയ്യുക.” 28എന്നാൽ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല. 29യൂദാസിന്റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രർക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലർ ഊഹിച്ചത്.
30അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോൾ രാത്രി ആയിരുന്നു.
പുതിയ കല്പന
31യൂദാസ് പോയപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ ഇപ്പോൾ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. 32ദൈവം മനുഷ്യപുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും. 33കുഞ്ഞുങ്ങളേ, ഞാൻ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാൻ പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു നല്‌കുന്നു; നിങ്ങൾ അന്യോന്യം സ്നേഹിക്കുക; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം. 35നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”
പത്രോസ് തള്ളിപ്പറയുമെന്നുള്ള മുന്നറിയിപ്പ്
(മത്താ. 26:31-35; മർക്കോ. 14:27-31; ലൂക്കോ. 22:31-34)
36ശിമോൻ പത്രോസ് ചോദിച്ചു: “ഗുരോ, അങ്ങ് എവിടെയാണു പോകുന്നത്?”
യേശു പ്രതിവചിച്ചു: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കുവാൻ നിനക്ക് ഇപ്പോൾ കഴിയുകയില്ല. എന്നാൽ പിന്നീട് നീ എന്നെ അനുഗമിക്കും.”
37അപ്പോൾ പത്രോസ് ചോദിച്ചു: “ഗുരോ, എനിക്ക് അങ്ങയെ അനുഗമിക്കുവാൻ ഇപ്പോൾ കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങേക്കുവേണ്ടി മരിക്കുവാൻപോലും ഞാൻ സന്നദ്ധനാണ്”.
38യേശു പ്രതിവചിച്ചു: “എനിക്കുവേണ്ടി മരിക്കുമെന്നോ? എന്നാൽ സത്യം ഞാൻ പറയട്ടെ. കോഴി കൂകുന്നതിനുമുമ്പ് നിശ്ചയമായും നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.

Sélection en cours:

JOHANA 13: malclBSI

Surbrillance

Partager

Copier

None

Tu souhaites voir tes moments forts enregistrés sur tous tes appareils? Inscris-toi ou connecte-toi