ഉൽപത്തി 16

16
1അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. 2സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. 3അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. 4അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. 5അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി. 7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു. 8സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. 10യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 11നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; 12അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. 13എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു. 14അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു. 15പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió