YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 28

28
1ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു,
എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
2ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു,
എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ
വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.
4നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു,
എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
5ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
6വഴിപിഴച്ച ധനികരെക്കാൾ
സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.
7വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു,
എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.
8ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം
ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
9ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ
പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്.
10നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ
അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും
എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും.
11താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു;
സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.
12നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം;
എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു.
13തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല,
എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
14എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ,
എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
15നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ
അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും.
16സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു,
എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു.
17കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ
പാതാളത്തിൽ അഭയംതേടും;
ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
18നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും,
എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
19സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,
എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.
20വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും,
എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.
21പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല—
എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.
22ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു
അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.
23മുഖസ്തുതി പറയുന്നവരെക്കാൾ
ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
24മാതാപിതാക്കളെ കൊള്ളയടിച്ചിട്ട്
“അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ
നാശത്തിന്റെ പങ്കാളിയാണ്.
25അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു,
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
26സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു,
എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
27ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല,
എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
28നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു;
അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in