ആവർത്തനം 24
24
ബലഹീനരെ സംരക്ഷിക്കുന്നതിനുള്ള നിയമം
1ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചശേഷം അവളിൽ ദോഷം കണ്ടെത്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ വന്നാൽ വിവാഹമോചനപത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്ക് അയയ്ക്കണം, 2അവന്റെ വീട്ടിൽനിന്ന് പോയതിനുശേഷം അവൾക്ക് മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാം. 3രണ്ടാമത്തെ ഭർത്താവും അവളെ ഇഷ്ടപ്പെടാതെ വിവാഹമോചനത്തിനുള്ള പത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയോ ആ പുരുഷൻ മരിക്കുകയോ ചെയ്താൽ 4അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.
5വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
6തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
7ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
8കുഷ്ഠംപോലുള്ള#24:8 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം. 9നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
10നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്. 11നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം. 12അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. 13അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
14ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. 15അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
16മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
17പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. 18നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
19നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 22നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
Currently Selected:
ആവർത്തനം 24: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.