ആവർത്തനം 23
23
യഹോവയുടെ സഭ
1ജനനേന്ദ്രിയം വിച്ഛേദിക്കപ്പെട്ടവനോ ഉടയ്ക്കപ്പെട്ടവനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
2വിലക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധത്തിലൂടെ ജനിക്കുന്നവ്യക്തിയും അയാളുടെ പത്താമത്തെ തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
3അമ്മോന്യരോ മോവാബ്യരോ, അവരുടെ പത്താമത്തെ തലമുറയിലുള്ള ഒരുത്തൻപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. 4നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ നിങ്ങളുടെ വഴിയിൽ അപ്പവും വെള്ളവുംകൊണ്ട് അവർ നിങ്ങളെ എതിരേൽക്കാതിരുന്നതുകൊണ്ടും നിങ്ങളെ ശപിക്കേണ്ടതിന് അരാം-നെഹറയിമിലെ#23:4 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കു വിളിച്ചതുകൊണ്ടുമാണത്. 5എങ്കിലും നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ബിലെയാമിനെ ശ്രദ്ധിക്കാതെ നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. 6നിന്റെ ജീവിതകാലത്തൊരിക്കലും അവർക്ക് സമാധാനമോ ഐശ്വര്യമോ ആഗ്രഹിക്കരുത്.
7ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരനെ വെറുക്കരുത്; നീ അവന്റെ രാജ്യത്ത് പ്രവാസിയായി താമസിച്ചിരുന്നല്ലോ. 8അവരുടെ മൂന്നാംതലമുറയ്ക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
പാളയത്തിലെ അശുദ്ധി
9നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. 10സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം. 11സന്ധ്യയാകുമ്പോൾ അവൻ കുളിക്കണം. സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിലേക്കു തിരികെ വരാം.
12വിസർജനത്തിനുവേണ്ടി പാളയത്തിനുപുറത്ത് നിങ്ങൾക്ക് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. 13നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാര ഉണ്ടായിരിക്കണം. ഒരു കുഴിയുണ്ടാക്കി വിസർജ്യം അതിൽ മൂടിയിടണം. 14നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കുന്നതിനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നതിനും നിങ്ങളുടെ പാളയത്തിനു മധ്യേ സഞ്ചരിക്കുന്നു. നിങ്ങളിൽ മ്ലേച്ഛമായവ കണ്ടിട്ട് അവിടന്ന് നിങ്ങളെ വിട്ടകന്നുപോകാതിരിക്കാൻ നിങ്ങളുടെ പാളയം ശുദ്ധമായിരിക്കണം.
വിവിധ നിയമങ്ങൾ
15ഒരു അടിമ തന്റെ ഇപ്പോഴത്തെ യജമാനനിൽനിന്നു രക്ഷപ്പെട്ട് നിന്നെ അഭയം പ്രാപിച്ചാൽ ആ അടിമയെ അയാളുടെ യജമാനനു കൈമാറരുത്. 16അവർ നിങ്ങളുടെ ഇടയിൽ തനിക്ക് ഇഷ്ടമുള്ള പട്ടണത്തിൽ എവിടെയെങ്കിലും താമസിക്കട്ടെ. അവനെ പീഡിപ്പിക്കരുത്.
17ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. 18വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ#23:18 മൂ.ഭാ. നായുടെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
19പണത്തിനോ ഭക്ഷണത്തിനോ പലിശ വാങ്ങാവുന്ന ഏതെങ്കിലും വസ്തുവിനോ നിന്റെ സഹയിസ്രായേല്യനോട് പലിശ വാങ്ങരുത്. 20അന്യദേശക്കാരിൽനിന്നു നിനക്ക് പലിശ വാങ്ങാം. എന്നാൽ നീ അവകാശമാക്കാൻപോകുന്ന ദേശത്തു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഇസ്രായേല്യനായ ഒരു സഹോദരനോട് പലിശ വാങ്ങരുത്.
21നിന്റെ ദൈവമായ യഹോവയ്ക്ക് നീ നേർച്ച നേർന്നാൽ അതു നിറവേറ്റാൻ താമസിക്കരുത്. നിന്റെ ദൈവമായ യഹോവ അതു നിന്നോടു ചോദിക്കും. അതിൽ നീ കുറ്റക്കാരനായിത്തീരും. 22എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല. 23നീ സ്വമേധയാ നിന്റെ വാകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുകൊണ്ട് നിന്റെ അധരംകൊണ്ട് ഉച്ചരിച്ചത് എന്തായിരുന്നാലും അതു തീർച്ചയായും നിറവേറ്റണം.
24നിന്റെ അയൽവാസിയുടെ മുന്തിരിത്തോപ്പിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ മുന്തിരി ഭക്ഷിക്കാം. പക്ഷേ, ഒന്നും നിന്റെ കുട്ടയിൽ ഇടരുത്. 25നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.
Currently Selected:
ആവർത്തനം 23: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.