ആവർത്തനം 22
22
ജീവനും വിശുദ്ധിയും സൂക്ഷിക്കുക
1സഹയിസ്രായേല്യന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു നീ കണ്ടാൽ അതു കണ്ടില്ലെന്നു നടിക്കരുത്. അതിനെ അയാളുടെ അടുത്ത് എത്തിച്ചുകൊടുക്കണം. 2സഹയിസ്രായേല്യൻ നിനക്കു സമീപവാസിയല്ല, അയാൾ നിനക്കു പരിചിതനും അല്ലാതെ ഇരിക്കുന്നെങ്കിൽ ആ മനുഷ്യൻ അന്വേഷിച്ചു വരുന്നതുവരെ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കണം. പിന്നെ അതിനെ അയാൾക്കു തിരികെ നൽകണം. 3നിന്റെ സഹോദരങ്ങളുടെ കഴുത, പുറങ്കുപ്പായം, ഇങ്ങനെ അവർക്കു നഷ്ടപ്പെടുന്ന ഏതു വസ്തുവും നീ കണ്ടെത്തിയാൽ ഇങ്ങനെതന്നെ ചെയ്യണം. നീ അതിനെ കണ്ടില്ലെന്നു നടിക്കരുത്.
4നിന്റെ സഹയിസ്രായേല്യന്റെ കാളയോ കഴുതയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേൽപ്പിക്കാൻ അതിന്റെ ഉടമസ്ഥനെ സഹായിക്കണം.
5സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്; പുരുഷൻ സ്ത്രീയുടെ വസ്ത്രവും ധരിക്കരുത്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെയും നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
6ഒരു മരത്തിലോ നിലത്തിലോ കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള പക്ഷിക്കൂട് നിന്റെ വഴിയരികിൽ കണ്ടാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെമേലോ മുട്ടയുടെമേലോ ഇരിക്കുന്നെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ തള്ളപ്പക്ഷിയെ പിടിക്കരുത്. 7നിനക്കു നന്മയും ദീർഘായുസ്സുമുണ്ടാകാനായി തള്ളപ്പക്ഷിയെ വിടണം. കുഞ്ഞുങ്ങളെ നിനക്കെടുക്കാം.
8നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മേൽക്കൂരയ്ക്കു ചുറ്റിലും കൈമതിൽ പണിയണം. ആരെങ്കിലും മേൽക്കൂരയിൽനിന്നു താഴെവീണ് രക്തച്ചൊരിച്ചിലിന്റെ കുറ്റം നിന്റെ വീടിന്മേൽ വരാതിരിക്കേണ്ടതിനാണിത്.
9നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.
10കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്.
11ആട്ടുരോമവും ചണവും ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
12നീ ധരിക്കുന്ന പുറങ്കുപ്പായത്തിന്റെ നാലുകോണിലും തൊങ്ങലുകൾ ഉണ്ടായിരിക്കണം.
ദാമ്പത്യബന്ധത്തിൽ അവിശ്വസ്തത
13ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംചെയ്ത് അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം അവളെ ഇഷ്ടപ്പെടാതെ 14അവൾക്കു ദുഷ്പേരുണ്ടാക്കി അപമാനിച്ച്, “ഞാൻ ഈ സ്ത്രീയെ വിവാഹംകഴിച്ചു, പക്ഷേ ഞാൻ ഇവളെ സമീപിച്ചപ്പോൾ ഇവളിൽ കന്യകാലക്ഷണം കണ്ടില്ല” എന്നു പറഞ്ഞാൽ; 15ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തുപോയി അവളുടെ കന്യകാലക്ഷണം കാണിക്കണം. 16പെൺകുട്ടിയുടെ പിതാവ് ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞാൻ എന്റെ മകളെ ഈ പുരുഷനു വിവാഹംകഴിപ്പിച്ചുകൊടുത്തു. എന്നാൽ അവൻ അവളെ ഇഷ്ടപ്പെടുന്നില്ല. 17ഇപ്പോൾ അവൻ, ‘ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല’ എന്നിങ്ങനെ അപവാദം പറയുന്നു. പക്ഷേ, ഇതാ, എന്റെ മകളുടെ കന്യകാലക്ഷണം.” അതിനുശേഷം അവളുടെ മാതാപിതാക്കൾ പട്ടണത്തലവന്മാരുടെമുമ്പിൽ ആ വസ്ത്രം കാണിക്കണം. 18പട്ടണത്തലവന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷ നൽകണം. 19ഇസ്രായേലിലെ ഒരു കന്യകയ്ക്കു ദുഷ്പേരുണ്ടാക്കിയതുകൊണ്ട് പെൺകുട്ടിയുടെ പിതാവിന് നൂറു ശേക്കേൽ#22:19 ഏക. 1.2 കി.ഗ്രാം. വെള്ളി നൽകാൻ അവർ അവന് പിഴയിടണം. അവൾ അവനു ഭാര്യയായി തുടരണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളെ വിവാഹമോചനം ചെയ്യാൻ പാടില്ല.
20എന്നാൽ ആരോപണം സത്യമായിരിക്കുകയും പെൺകുട്ടിയുടെ കന്യകാലക്ഷണം ഒന്നും കണ്ടെത്താതിരിക്കുകയും ചെയ്താൽ, 21അവളെ പിതാവിന്റെ വീട്ടുവാതിൽക്കൽ കൊണ്ടുചെന്ന്, അവളുടെ നഗരത്തിലെ പുരുഷന്മാർ കല്ലെറിഞ്ഞുകൊല്ലണം. അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് പിതാവിന്റെ വീട്ടിൽവെച്ചുതന്നെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
22ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.
23വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം. 24പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
25എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുവൻ നഗരത്തിനു പുറത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവളെ ബലാൽക്കാരംചെയ്യുകയും ചെയ്താൽ ആ പുരുഷൻമാത്രം മരണശിക്ഷ അനുഭവിക്കണം. 26മരണശിക്ഷയ്ക്കു തക്ക പാപമൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് പെൺകുട്ടിയോട് ഒന്നും ചെയ്യരുത്. ഒരാൾ ഒരു അയൽവാസിയോടു കോപിച്ച് അയാളെ കൊല്ലുന്നതിനു തുല്യമായ പ്രവൃത്തിയാണിത്. 27നഗരത്തിനു പുറത്തുവെച്ചാണല്ലോ പുരുഷൻ പെൺകുട്ടിയെ കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ആ പെൺകുട്ടി രക്ഷയ്ക്കായി നിലവിളിച്ചാൽപോലും അവളെ രക്ഷിക്കാൻ അവിടെ ആരും ഉണ്ടായിരിക്കുകയില്ല.
28എന്നാൽ വിവാഹനിശ്ചയം ചെയ്തിട്ടില്ലാത്ത ഒരു കന്യകയെ ഒരുവൻ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളെ ബലാൽക്കാരംചെയ്യുകയും അതു കണ്ടുപിടിക്കുകയും ചെയ്താൽ 29ബലാൽക്കാരംചെയ്ത പുരുഷൻ പെൺകുട്ടിയുടെ പിതാവിന് അൻപതുശേക്കേൽ#22:29 ഏക. 575 ഗ്രാം. വെള്ളി നൽകണം. അവൻ അവൾക്കു മാനഹാനി വരുത്തിയതുകൊണ്ട് അവളെ വിവാഹംകഴിക്കണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പാടില്ല.
30ഒരുവൻ തന്റെ പിതാവിന്റെ ഭാര്യയെ വിവാഹംചെയ്യരുത്; അയാൾ തന്റെ പിതാവിന്റെ കിടക്കയോട് അനാദരവുകാട്ടരുത്.
Currently Selected:
ആവർത്തനം 22: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.