1 തിമോത്തിയോസ് 2
2
ആരാധനാ നിർദേശങ്ങൾ
1സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. 5ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. 6അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം. 7ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ.
8കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്. 9സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. 10ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം.
11സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. 12ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; 13ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. 14ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്. 15എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും.
Currently Selected:
1 തിമോത്തിയോസ് 2: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.