1 തിമോത്തിയോസ് 1
1
1നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കൽപ്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിത്തീർന്ന പൗലോസ് എന്ന ഞാൻ,
2വിശ്വാസത്തിൽ എനിക്ക് യഥാർഥ പുത്രനു തുല്യനായ തിമോത്തിയോസിന്, എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
വ്യാജ ഉപദേഷ്ടാക്കളെപ്പറ്റി മുന്നറിയിപ്പ്
3ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും 4തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല. 5ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ. 6ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. 7അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.
8ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. 9നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും 10അവിഹിതവേഴ്ചക്കാർക്കും സ്വവർഗഭോഗികൾക്കും അടിമവ്യാപാരികൾക്കും#1:10 അഥവാ, ആളെ തട്ടിക്കൊണ്ടുപോകുന്നവർക്കും വ്യാജം പറയുന്നവർക്കും വ്യാജശപഥംചെയ്യുന്നവർക്കും നിർമലോപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കുംവേണ്ടിയാണ് ന്യായപ്രമാണം നൽകിയിട്ടുള്ളത്. 11വാഴ്ത്തപ്പെട്ട ദൈവത്തിന്റെ തേജസ്സുള്ള സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ നിർമലോപദേശം.
പൗലോസിനു ലഭിച്ച ദൈവകൃപ
12എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു. 13മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്. 14ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
15പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ! 16ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്. 17യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ!
തിമോത്തിയോസിനെ വീണ്ടും അധികാരപ്പെടുത്തുന്നു
18എന്റെ മകനേ, തിമോത്തിയോസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ നിർദേശം ഞാൻ നിനക്കു നൽകുന്നത്. 19അതു തിന്മയെ പ്രതിരോധിച്ച് ഉത്തമപടയാളിയായി നിന്റെ വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിർത്തി യുദ്ധസേവ ചെയ്യുന്നതിന് സഹായിക്കട്ടെ. ചിലർ ഇവ ഉപേക്ഷിച്ച് അവരുടെ വിശ്വാസം പൂർണമായി തകർത്തുകളഞ്ഞു. 20ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.
Currently Selected:
1 തിമോത്തിയോസ് 1: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.