YouVersion Logo
Search Icon

സംഖ്യ. 1

1
ജനസംഖ്യാഗണനം
1യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു: 2“നിങ്ങൾ യിസ്രായേൽ മക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിൻ്റെ കണക്കെടുക്കണം. 3നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. 4ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കേണം. 5നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻ ഗോത്രത്തിൽ ശെദേയൂരിൻ്റെ മകൻ എലീസൂർ; 6ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ; 7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകൻ നഹശോൻ; 8യിസ്സാഖാർ ഗോത്രത്തിൽ സൂവാരിൻ്റെ മകൻ നെഥനയേൽ; 9സെബൂലൂൻഗോത്രത്തിൽ ഹോലോൻ്റെ മകൻ എലീയാബ്; 10യോസേഫിന്‍റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിൻ്റെ മകൻ ഗമലീയേൽ; 11ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ; 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ; 13ആശേർ ഗോത്രത്തിൽ ഒക്രാൻ്റെ മകൻ പഗീയേൽ; 14ഗാദ്ഗോത്രത്തിൽ ദെയൂവേലിൻ്റെ മകൻ എലീയാസാഫ്; 15നഫ്താലിഗോത്രത്തിൽ ഏനാൻ്റെ മകൻ അഹീര. 16ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു#1:16 പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു യിസ്രായേലിൽ സഹസ്രാധിപന്മാരും ഉണ്ടായിരുന്നു.
17നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. 18രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു. 19യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
20യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ, മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 21പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ.
22ശിമെയോന്‍റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 23പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് (59,300) പേർ.
24ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 25എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് (45,650) പേർ.
26യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 27യെഹൂദാ ഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ.
28യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 29എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ.
30സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 31പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് (57,400) പേർ.
32യോസേഫിന്‍റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 33പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് (40,500) പേർ.
34മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 35എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് (32,200) പേർ.
36ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 37എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് (35,400) പേർ.
38ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 39എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് (62,700) പേർ.
40ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 41ആശേർ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് (41,500) പേർ.
42നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 43എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ.
44മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നെ. 45യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി 46എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് (6,03,550) പേർ ആയിരുന്നു.
47ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. 48“ലേവിഗോത്രത്തെ മാത്രം എണ്ണരുത്; 49യിസ്രായേൽ മക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത്” എന്നു യഹോവ മോശെയോട് കല്പിച്ചിരുന്നു. 50‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്‍റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്‍റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം. 51തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. 52യിസ്രായേൽ മക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം. 53എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിൻ്റെ കാര്യം നോക്കേണം’
54എന്നു യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.

Currently Selected:

സംഖ്യ. 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സംഖ്യ. 1