YouVersion Logo
Search Icon

ലേവ്യ. 27

27
യഹോവയ്ക്കുള്ളതിനെ വീണ്ടെടുക്കൽ
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“യിസ്രായേൽ മക്കളോടു നീ പറയേണ്ടത്: ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്‍റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകേണം. 3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം#27:3 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരു ശേക്കെല്‍ - ആറു കിലോഗ്രാം വെള്ളി നിന്‍റെ മതിപ്പ്#27:3 മതിപ്പ് വിലനിർണ്ണയം. അമ്പത് ശേക്കൽ വെള്ളി ആയിരിക്കേണം. 4പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കൽ ആയിരിക്കേണം. 5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്‍റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം. 6ഒരു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്‍റെ മതിപ്പ് ആണിന് അഞ്ചു ശേക്കൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കൽ വെള്ളിയും ആയിരിക്കേണം. 7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്‍റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം. 8നിന്‍റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്‍റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവന്‍റെ വിലമതിക്കണം; നേർന്നവന്‍റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
9“അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം. 10മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. 11അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിർത്തേണം. 12അത് നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കേണം. 13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.
14“ഒരുവൻ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അത് നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അത് മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കേണം. 15തന്‍റെ വീടു വിശുദ്ധീകരിച്ചാൽ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.
16“ഒരുവൻ തന്‍റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്‍റെ മതിപ്പ് അതിന് വിതയ്ക്കുവാന്‍ വേണ്ട വിത്തിന്‍റെ അളവിനു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ#27:16 ഹോമെർ പത്തു ഏഫാ അല്ലെങ്കില്‍ 300 കിലോഗ്രാം യവം വിതയ്ക്കുന്ന നിലത്തിന് അമ്പത് ശേക്കൽ വെള്ളി മതിക്കണം. 17യോബേൽവർഷംമുതൽ അവൻ തന്‍റെ നിലം വിശുദ്ധീകരിച്ചാൽ അത് നിന്‍റെ മതിപ്പുപോലെ ആയിരിക്കേണം. 18യോബേൽവർഷത്തിന്‍റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്‍റെ വില കണക്കാക്കണം; അത് നിന്‍റെ മതിപ്പിൽനിന്നു കുറയ്ക്കണം. 19നിലം വിശുദ്ധീകരിച്ചവൻ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും. 20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ. 21ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്‍റെ അനുഭവം പുരോഹിതന് ഇരിക്കേണം.
22”തന്‍റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ 23പുരോഹിതൻ യോബേൽ വർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്‍റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കേണം. 24ആ നിലം മുന്നുടമസ്ഥനു യോബേൽ വർഷത്തിൽ തിരികെ ചേരേണം. 25നിന്‍റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
26“കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അത് യഹോവയ്ക്കുള്ളത് ആകുന്നു. 27അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്‍റെ മതിപ്പുവിലയ്ക്ക് അതിനെ വില്‍ക്കണം.
28“എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു. 29മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം#27:29 കൊന്നുകളയേണം മനുഷ്യരിൽനിന്ന് നിർമ്മൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടടുക്കരുത്. അവനെ കൊന്നുകളയേണം (എന്നു മറ്റൊരു പരിഭാഷയിൽ കാണാം). .
30“നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം. 31ഒരുവൻ തന്‍റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം. 32മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. 33അത് നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.”
34യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.

Currently Selected:

ലേവ്യ. 27: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ലേവ്യ. 27