2 ശമു. 7
7
ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദാനം
1യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്‍റെ അരമനയിൽ വസിക്കുന്ന കാലത്ത് 2ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്‍റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു.
3നാഥാൻ രാജാവിനോട്: “നീ ചെന്നു നിന്‍റെ മനസ്സിലുള്ളതെല്ലാം ചെയ്തുകൊള്ളുക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
4എന്നാൽ അന്ന് രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: 5“എന്‍റെ ദാസനായ ദാവീദിനോടു നീ ചെന്നു പറയുക: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എനിക്ക് അധിവസിക്കുന്നതിന് നീ ഒരു ആലയം പണിയുമോ? 6ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലയോ സഞ്ചരിച്ചുവരുന്നത്. 7എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രനായകന്മാരില്‍ ഒന്നിനോട് “എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത്?” എന്നു എല്ലായിസ്രായേൽമക്കളോടുംകൂടി ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’ 8ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. 9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്‍റെ പേര് വലുതാക്കും. 10ഞാൻ എന്‍റെ ജനമായ യിസ്രായേലിനു ഒരു സ്ഥലം കല്പിച്ചുകൊടുക്കുകയും അവർ സ്വന്തസ്ഥലത്തു വസിച്ച് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കുകയില്ല. പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും 11നിന്‍റെ സകലശത്രുക്കളിൽനിന്ന് നിനക്ക് സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം#7:11 ഗൃഹം ഞാന്‍ നിന്‍റെ പിന്‍തലമുറക്കാരെ എന്നേക്കും ഭരിക്കുന്നവര്‍ ആയിത്തീര്‍ക്കും ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു. 12നിന്നിൽനിന്ന് ഉത്ഭവിക്കുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്‍റെ പിതാക്കന്മാരോടുകൂടി നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. 13അവൻ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. 14ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. 15എങ്കിലും നിന്‍റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്‍റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്ന് നീങ്ങിപ്പോകുകയില്ല. 16നിന്‍റെ ഗൃഹവും നിന്‍റെ രാജത്വവും എന്‍റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്‍റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’”
17ഈ സകലവാക്കുകൾക്കും ദർശനത്തിനും അനുസരിച്ച് നാഥാൻ ദാവീദിനോട് സംസാരിച്ചു. 18അപ്പോൾ ദാവീദ് രാജാവ് അകത്ത് ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞത്: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളു? 19കർത്താവായ യഹോവേ, ഇതും പോരാ എന്നു അങ്ങേയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്‍റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലയോ? 20ദാവീദ് ഇനി അങ്ങേയോട് എന്ത് പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു. 21അങ്ങേയുടെ വചനം നിമിത്തവും അങ്ങേയുടെ ഹൃദയപ്രകാരവും അല്ലയോ? അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നത്.
22“അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങയെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ട സകലവും ഓര്‍ത്താല്‍ അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല. 23അങ്ങേയ്ക്ക് ജനമായി വീണ്ടെടുക്കുവാനും അങ്ങേയ്ക്ക് ഒരു നാമം സമ്പാദിക്കുവാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങേയുടെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജനതയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജനതകളുടെയും അവരുടെ ദേവന്മാരുടെയും അധീനത്തിൽ നിന്നും അങ്ങേയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങേയുടെ ജനം കാൺകെ അങ്ങേയ്ക്കുവേണ്ടി വൻകാര്യവും അങ്ങേയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. 24അങ്ങ് അങ്ങേയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങേയുടെ സ്വന്ത ജനമായിരിക്കുവാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായിത്തീർന്നും ഇരിക്കുന്നു.
25“ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്‍റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യണമേ. 26സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ അങ്ങേയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങേയുടെ ദാസനായ ദാവീദിന്‍റെ ഗൃഹം അങ്ങേയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
27“ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങേയോട് ഈ പ്രാർത്ഥന കഴിക്കുവാൻ അടിയൻ ധൈര്യംപ്രാപിച്ചു. 28ദൈവമായ യഹോവേ, അങ്ങ് തന്നെ ആകുന്നു ദൈവം; അങ്ങേയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു. 29അതുകൊണ്ട് ഇപ്പോൾ അടിയന്‍റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കുന്നതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങേയുടെ അനുഗ്രഹത്താൽ അടിയന്‍റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.”
Currently Selected:
2 ശമു. 7: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.