2 ശമു. 6
6
ദൈവത്തിന്‍റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരുന്നു
1ദാവീദ് പിന്നെയും യിസ്രായേലിലെ ഏറ്റവും മികച്ചവരായ മുപ്പതിനായിരം ഭടന്മാരെ ഒരുമിച്ചുകൂട്ടി. 2കെരൂബുകളുടെ മധ്യത്തിൽ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ പെട്ടകം ബാലേ-യെഹൂദയിൽനിന്ന് കൊണ്ടുവരുന്നതിന് ദാവീദും കൂടെയുള്ള സകലജനവും അവിടേക്ക് പോയി. 3അവർ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്‍റെ വീട്ടിൽനിന്ന് കൊണ്ടുവന്നു; അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സായും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. 4കുന്നിന്മേലുള്ള അബീനാദാബിന്‍റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്‍റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിന് മുമ്പായി നടന്നു. 5ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദ്യോപകരണങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തംചെയ്തു.
6അവർ നാഖോന്‍റെ മെതിക്കളത്തിങ്കൽ എത്തിയപ്പോൾ കാളകൾ വിരണ്ടതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്‍റെ പെട്ടകം പിടിച്ചു. 7അപ്പോൾ യഹോവയുടെ കോപം ഉസ്സായക്ക് എതിരെ ജ്വലിച്ചു; അവന്‍റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ അടുക്കൽവച്ച് മരിച്ചു.
8യഹോവയുടെ കോപം ഉസ്സായ്ക്ക് എതിരെ ജ്വലിച്ചതുകൊണ്ട് ദാവീദിന് വ്യസനമായി. അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേര് വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു.
9അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. “യഹോവയുടെ പെട്ടകം എന്‍റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു” എന്നു അവൻ പറഞ്ഞു. 10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ തന്‍റെകൂടെ കൊണ്ടുപോകുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യ പട്ടണവാസിയായ ഓബേദ്-ഏദോമിന്‍റെ വീട്ടിൽ കൊണ്ടുപോയി വച്ചു. 11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-ഏദോമിന്‍റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-ഏദോമിനെയും അവന്‍റെ കുടുംബത്തെ മുഴുവനും അനുഗ്രഹിച്ചു.
12ദൈവത്തിന്‍റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-ഏദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന് അറിവ് കിട്ടിയപ്പോൾ, ദാവീദ് പുറപ്പെട്ടു ദൈവത്തിന്‍റെ പെട്ടകം ഓബേദ്-ഏദോമിന്‍റെ വീട്ടിൽനിന്ന് ദാവീദിന്‍റെ നഗരത്തിലേക്ക് സന്തോഷത്തോടെ കൊണ്ടുവന്നു. 13യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവട് നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗം കഴിച്ചു. 14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തംചെയ്തു. 15അങ്ങനെ ദാവീദും സകല യിസ്രായേൽ ഗൃഹങ്ങളും ആർപ്പോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പെട്ടകം കൊണ്ടുവന്നു.
16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്‍റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ് രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ടു തന്‍റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു. 17അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായി നിർമ്മിച്ചിരുന്ന കൂടാരത്തിന്നുള്ളിൽ അതിന്‍റെ സ്ഥാനത്തുവച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 18ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. 19പിന്നെ അവൻ യിസ്രായേലിന്‍റെ സർവ്വസംഘവുമായ സകലജനത്തിലും, പുരുഷന്മാർക്കും സ്ത്രീകൾക്കും, ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു ഉണക്കമുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, അതിനുശേഷം ജനങ്ങളെല്ലാവരും താന്താന്‍റെ വീട്ടിലേക്കു പോയി.
20പിന്നീട് ദാവീദ് തന്‍റെ കുടുംബത്തെ അനുഗ്രഹിക്കുന്നതിന് മടങ്ങിവന്നപ്പോൾ ശൗലിന്‍റെ മകളായ മീഖൾ ദാവീദിനെ കാണുവാൻ പുറത്തു വന്നു: “നിസ്സാരന്മാരിൽ ഒരുവൻ സ്വയം അനാവൃതനാക്കുന്നതുപോലെ#6:20 അനാവൃതനാക്കുന്നതുപോലെ രാജകീയ വസ്ത്രം മാറ്റി സാധാരണക്കാരനെപ്പോലെ പഞ്ഞിനൂൽ അങ്കി ധരിക്കുന്നതിനെയാണ് അനാവൃതനാക്കുക എന്നു ഇവിടെ ഉദേശിച്ചിരിക്കുന്നത്. ഇന്ന് തന്‍റെ ദാസന്മാരുടെ ദാസികളുടെ കണ്മുൻപിൽ സ്വയം അനാവൃതനാക്കിയ യിസ്രായേൽ രാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ” എന്നു പറഞ്ഞു.
21ദാവീദ് മീഖളിനോട്: “യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായി നിയമിക്കുവാൻ തക്കവണ്ണം നിന്‍റെ അപ്പനിലും അവന്‍റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തംചെയ്യും. 22ഞാൻ ഇനിയും ഇതിലധികം ഹീനനും എന്‍റെ കാഴ്ചയ്ക്ക് എളിയവനും ആയിരിക്കും; എന്നാൽ നീ പറഞ്ഞ ദാസികളാൽ എനിക്ക് മഹത്വമുണ്ടാകും” എന്നു പറഞ്ഞു. 23ആ കാരണത്താൽ ശൗലിന്‍റെ മകളായ മീഖളിന് മരണം വരെ ഒരു കുട്ടിയും ഉണ്ടായില്ല.
Currently Selected:
2 ശമു. 6: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.