YouVersion Logo
Search Icon

1 ശമു. 18

18
ദാവീദും യോനാഥാനും
1ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്‍റെ മനസ്സ് ദാവീദിന്‍റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. 2ശൗല്‍ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്‍റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. 3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. 4യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്‍റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
5ശൗല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാർക്കും പ്രീതികരമായി.
6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി#18:6 തപ്പും തംബുരുവും - വാദ്യോപകരണങ്ങൾ പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗല്‍രാജാവിനെ എതിരേറ്റു. 7സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
“ശൗല്‍ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ” എന്നു പാടി.
8ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗല്‍ ഏറ്റവും കോപിച്ചു. “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു. 9അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി.
10അടുത്ത ദിവസം ദൈവത്തിന്‍റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു. ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്‍റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. 11ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്‍റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.
12യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്‍റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗല്‍ ദാവീദിനെ ഭയപ്പെട്ടു. 13അതുകൊണ്ട് ശൗല്‍ അവനെ തന്‍റെ അടുക്കൽനിന്ന് മാറ്റി ആയിരംപേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.
14യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്‍റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി. 15ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗല്‍ കണ്ടപ്പോൾ, അവനെ ഭയപ്പെട്ടു. 16എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
17അതിനുശേഷം ശൗല്‍ ദാവീദിനോട്: “എന്‍റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കയ്യാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്നു ശൗല്‍ വിചാരിച്ചു.
18ദാവീദ് ശൗലിനോട്: “രാജാവിന്‍റെ മരുമകനായിരിപ്പാൻ ഞാൻ ആര്‍? യിസ്രായേലിൽ എന്‍റെ ബന്ധുക്കളും എന്‍റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു. 19ശൗലിന്‍റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
20ശൗലിന്‍റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി. 21“അവൾ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും” എന്നു ശൗല്‍ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
22പിന്നെ ശൗല്‍ തന്‍റെ ഭൃത്യന്മാരോട്: “നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്‍റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്‍റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
23ശൗലിന്‍റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു. അപ്പോൾ ദാവീദ്: “രാജാവിന്‍റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.
24ദാവീദ് പറഞ്ഞ കാര്യം ശൗലിന്‍റെ ദൃത്യന്മാർ ശൗലിനെ അറിയിച്ചു. 25അതിന് ശൗല്‍: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്‍റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്നു നിങ്ങൾ ദാവീദിനോട് പറയേണം” എന്നു കല്പിച്ചു. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൗല്‍ കരുതിയിരുന്നു.
26ശൗല്‍ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്‍റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി. 27നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്‍റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു. ശൗല്‍ തന്‍റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.
28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്‍റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു#18:28 മീഖൾ അവനെ സ്നേഹിക്കുന്നു എല്ലാ യിസ്രായേല്യരും ദാവീദിനെ സ്നേഹിച്ചിരുന്നു എന്നും ശൗല്‍ അറിഞ്ഞപ്പോൾ, 29ശൗല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗല്‍ ദാവീദിന്‍റെ നിത്യശത്രുവായ്തീർന്നു.
30എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്‍റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്‍റെ പേർ പ്രസിദ്ധമായ്തീർന്നു.

Currently Selected:

1 ശമു. 18: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in