YouVersion Logo
Search Icon

1 ശമു. 19

19
ശൗല്‍ ദാവീദിനെ കൊല്ലുന്നതിനു ശ്രമിക്കുന്നു
1ശൗല്‍ തന്‍റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. 2എങ്കിലും ശൗലിന്‍റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനോട്: “എന്‍റെ അപ്പനായ ശൗല്‍ നിന്നെ കൊല്ലുവാൻ നോക്കുന്നു; അതുകൊണ്ട് നീ രാവിലെ വരെ കരുതിയിരിക്കുക. അതിനുശേഷം രഹസ്യമായി ഒളിച്ചിരിക്ക. 3ഞാൻ എന്‍റെ അപ്പന്‍റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം” എന്നു പറഞ്ഞു.
4അങ്ങനെ യോനാഥാൻ തന്‍റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്‍റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്‍റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു. 5അവൻ തന്‍റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു. നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്?”
6യോനാഥാന്‍റെ വാക്ക് കേട്ട്, യഹോവയാണെ അവനെ കൊല്ലുകയില്ല എന്നു ശൗല്‍ സത്യംചെയ്തു.
7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ പഴയതുപോലെ അവന്‍റെ സന്നിധിയിൽ നില്‍ക്കുകയും ചെയ്തു.
8പിന്നെയും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് ഫെലിസ്ത്യരോട് യുദ്ധം ചെയ്തു അവരെ കഠിനമായി തോല്പിച്ചു. അവർ അവന്‍റെ മുമ്പിൽനിന്ന് ഓടി.
9യഹോവയുടെ അടുക്കൽനിന്ന് ദുരാത്മാവ് പിന്നെയും ശൗലിന്‍റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ച് തന്‍റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു. 10അപ്പോൾ ശൗല്‍ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൗലിന്‍റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.
മീഖൾ ദാവീദിന്‍റെ ജീവന്‍ രക്ഷിക്കുന്നു
11ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗല്‍ അവന്‍റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്‍റെ ഭാര്യയായ മീഖൾ അവനോട്: “ഈ രാത്രിയിൽ നിന്‍റെ ജീവനെ രക്ഷിച്ചില്ലെങ്കിൽ നാളെ നിന്നെ കൊല്ലും” എന്നു പറഞ്ഞു. 12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവൻ ഓടി രക്ഷപ്പെട്ടു. 13മീഖൾ ഒരു ബിംബം#19:13 ബിംബം - വിഗ്രഹം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്‍റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ട് പുതപ്പിച്ചു.
14ദാവീദിനെ പിടിക്കുവാൻ ശൗല്‍ അയച്ച ദൂതന്മാർ വന്നപ്പോൾ “അവൻ ദീനമായി കിടക്കുന്നു” എന്നു അവൾ പറഞ്ഞു.
15എന്നാൽ ശൗല്‍: “ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടുകൂടി എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു, 16ദാവീദിനെ നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നത് കണ്ടു.
17അപ്പോൾ ശൗല്‍ മീഖളിനോട്: “നീ ഇങ്ങനെ എന്നെ ചതിക്കുകയും എന്‍റെ ശത്രു രക്ഷപ്പെടുവാൻ അനുവദിക്കുകയും ചെയ്തത് എന്തിന്?” എന്നു ചോദിച്ചു.
അതിന് മറുപടിയായി മീഖൾ ശൗലിനോട്: “എന്നെ വിട്ടയക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും” എന്നു അവൻ എന്നോട് പറഞ്ഞു.
18ഇങ്ങനെ ദാവീദ് ഓടി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്‍റെ അടുക്കൽ ചെന്നു ശൗല്‍ തന്നോട് ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും നയ്യോത്തിൽ ചെന്നു പാർത്തു. 19ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടെന്ന് ശൗലിന് അറിവുകിട്ടി. 20ശൗല്‍ ദാവീദിനെ പിടിക്കുവാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടു. അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് ശൗലിന്‍റെ ദൂതന്മാരുടെമേൽ വന്നു. അവരും പ്രവചിച്ചു. 21ശൗല്‍ അത് അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നെ പ്രവചിച്ചു. ശൗല്‍ മൂന്നാം പ്രാവശ്യവും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. 22പിന്നെ അവൻ തന്നെ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറിനരികിൽ എത്തി: “ശമൂവേലും ദാവീദും എവിടെയാകുന്നു?” എന്നു ചോദിച്ചു.
“അവർ രാമയിലെ നയ്യോത്തിൽ ഉണ്ട്” എന്നു ഒരുവൻ പറഞ്ഞു.
23അങ്ങനെ അവൻ രാമയിലെ നയ്യോത്തിൽ ചെന്നു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുന്നതുവരെ പ്രവചിച്ചുകൊണ്ട് നടന്നു. 24അവൻ തന്‍റെ വസ്ത്രം ഊരിക്കളഞ്ഞു. അങ്ങനെ ശമൂവേലിന്‍റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്ന് രാപകൽ മുഴുവനും നഗ്നനായി കിടന്നു. അതുകൊണ്ട് “ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ” എന്നു പറഞ്ഞുവരുന്നു.

Currently Selected:

1 ശമു. 19: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in