1 രാജാ. 16
16
1ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായത്: 2“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്‍റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. 3അതുകൊണ്ട് ഞാൻ ബയെശയെയും അവന്‍റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും; നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെ ആക്കും. 4ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
5ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 6ബയെശാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കം ചെയ്തു; അവന്‍റെ മകൻ ഏലാ അവനു പകരം രാജാവായി.
7ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്‍റെ ഗൃഹത്തിനു വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു. 8യെഹൂദാ രാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു വര്‍ഷം വാണു.
9എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്‍റെ ഭൃത്യൻ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ 10സിമ്രി അകത്തു കടന്നു യെഹൂദാ രാജാവായ ആസായുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.
11അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്നപ്പോൾ ബയെശയുടെ ഗൃഹത്തെ മുഴുവനും നശിപ്പിച്ചു; ആ കുടുംബത്തിന്‍റെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെ പോലും അവൻ ശേഷിപ്പിച്ചില്ല. 12അങ്ങനെ ബയെശയും അവന്‍റെ മകൻ ഏലയും തങ്ങളുടെ മിഥ്യാമൂർത്തികളാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകലപാപങ്ങളും നിമിത്തം 13യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
14ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 15യെഹൂദാ രാജാവായ ആസായുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യരുടെ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കയായിരുന്നു. 16സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്നു തന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവായി വാഴിച്ചു. 17ഉടനെ ഒമ്രിയും എല്ലാ യിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ ഉപരോധിച്ചു. 18പട്ടണം പിടിക്കപ്പെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീ വച്ചു അതിനകത്ത് സ്വയം മരിച്ചു. 19സ്വയം പാപംചെയ്യുകയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യൊരോബെയാമിന്‍റെ വഴികളിൽ നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവൃത്തിച്ചതിനാൽ തന്നെ ഇങ്ങനെ സംഭവിച്ചു.
20സിമ്രിയുടെ മറ്റ് പ്രവൃത്തികളും അവൻ ഉണ്ടാക്കിയ ഗൂഢാലോചനയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ഒമ്രി
21അന്നു യിസ്രായേൽജനം രണ്ടു ഭാഗമായി പിരിഞ്ഞു; പകുതി ജനം ഗീനത്തിന്‍റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്‍റെ പക്ഷം ചേർന്നു; മറ്റെ പകുതി ഒമ്രിയുടെ പക്ഷം ചേർന്നു. 22എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്‍റെ മകൻ തിബ്നിയുടെ പക്ഷത്തെ തോല്പിച്ചു; അങ്ങനെ തിബ്നി കൊല്ലപ്പെടുകയും ഒമ്രി രാജാവാകയും ചെയ്തു.
23യെഹൂദാ രാജാവായ ആസായുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു വര്‍ഷം വാണു; തിർസ്സയിൽ അവൻ ആറു വര്‍ഷം വാണു. 24പിന്നെ അവൻ ശേമെരിനോടു ശമര്യാമല ഏകദേശം 70 കിലോഗ്രാം#16:24 ഏകദേശം 70 കിലോഗ്രാം രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
25ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. 26അവൻ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ എല്ലാ വഴികളിലും നടന്നു, യിസ്രായേലിന്‍റെ ദൈവമായ യഹോവയെ തങ്ങളുടെ മിഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു.
27ഒമ്രി ചെയ്ത മറ്റുള്ള പ്രവൃത്തികളും അവന്‍റെ വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 28ഒമ്രി തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്‍റെ മകൻ ആഹാബ് അവനു പകരം രാജാവായി.
ആഹാബ്
29യെഹൂദാ രാജാവായ ആസായുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകൻ ആഹാബ് യിസ്രായേലിൽ രാജാവായി. അവൻ ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ട് വര്‍ഷം വാണു. 30ഒമ്രിയുടെ മകൻ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 31നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്‍റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ചു നമസ്കരിക്കയും ചെയ്തു. 32താൻ ശമര്യയിൽ പണിത ബാലിന്‍റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി. 33ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ അവൻ തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽ രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
34അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്‍റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതിൽ വച്ചപ്പോൾ ശെഗൂബു എന്ന ഇളയ മകനും നഷ്ടമായി#16:34 അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്‍റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതിൽ വച്ചപ്പോൾ ശെഗൂബു എന്ന ഇളയ മകനും നഷ്ടമായിയോശുവ 6:26 നോക്കുക.
Currently Selected:
1 രാജാ. 16: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.