YouVersion Logo
Search Icon

1 രാജാ. 15

15
അബീയാം
1നെബാത്തിന്‍റെ മകൻ യൊരോബെയാം രാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ അബീയാം യെഹൂദയിൽ രാജാവായി. 2അവൻ മൂന്നു വര്‍ഷം യെരൂശലേമിൽ വാണു; അബ്ശാലോമിന്‍റെ പുത്രി ആയ അവന്‍റെ അമ്മയുടെ പേര് മാഖാ എന്നായിരുന്നു.
3തന്‍റെ അപ്പൻ മുമ്പേ ചെയ്തിരുന്ന സകലപാപങ്ങളും അവൻ ചെയ്തു; അവന്‍റെ ഹൃദയം, തന്‍റെ പിതാവായ ദാവീദിന്‍റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. 4എങ്കിലും ദാവീദിനെ ഓർത്തു അവന്‍റെ ദൈവമായ യഹോവ അവനു യെരൂശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു. 5ദാവീദ് തന്‍റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്‍റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.
6രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്‍റെ കാലത്തും തുടർന്നുകൊണ്ടിരുന്നു. 7അബീയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു. 8അബീയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകൻ ആസാ അവനു പകരം രാജാവായി.
ആസാ
9യിസ്രായേൽ രാജാവായ യൊരോബെയാമിന്‍റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി. 10അവൻ നാല്പത്തൊന്നു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മക്കു മാഖാ എന്നു പേർ; അവൾ അബ്ശാലോമിന്‍റെ പുത്രി ആയിരുന്നു.
11ആസാ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. 12അവൻ പുരുഷവേശ്യകളെ ദേശത്തുനിന്നു പുറത്താക്കി, തന്‍റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. 13തന്‍റെ പിതാമഹിയായ മാഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെ വച്ചു ചുട്ടുകളഞ്ഞു. 14എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു. 15വെള്ളി, പൊന്ന്, മറ്റു ഉപകരണങ്ങൾ എന്നിങ്ങനെ തന്‍റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
16ആസായും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 17യിസ്രായേൽ രാജാവായ ബയെശാ യെഹൂദായുടെ നേരെ വന്നു, രാമയെ പണിതുറപ്പിച്ചു; യെഹൂദാ രാജാവായ ആസായുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്‍റെ ലക്ഷ്യം.
18അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്‍റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്‍റെ മകനായ തബ്രിമ്മോന്‍റെ മകൻ ബെൻ-ഹദദ് എന്ന അരാം രാജാവിന് അവയെ കൊടുത്തയച്ചു:
19“എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്കു തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്നു അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം” എന്നു പറയിച്ചു.
20ബെൻ-ഹദദ് ആസാ രാജാവിന്‍റെ അപേക്ഷ കേട്ടു, തന്‍റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മാഖായും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. 21ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നെ പാർത്തു. 22ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ടു ബെന്യാമീനിലെ ഗിബയും മിസ്പയും പണിതുറപ്പിച്ചു.
23ആസായുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്‍റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്‍റെ വാർദ്ധക്യകാലത്ത് അവന്‍റെ കാലുകൾക്കു രോഗം ബാധിച്ചു. 24ആസാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു.
അവന്‍റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.
യിസ്രായേൽരാജാക്കന്മാർ: നാദാബ്
25യെഹൂദാ രാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു വര്‍ഷം യിസ്രായേലിൽ വാണു. 26അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു തന്‍റെ അപ്പന്‍റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹീയാവിന്‍റെ മകൻ ബയെശാ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു. 28ബയെശാ അവനെ യെഹൂദാ രാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു അവനു പകരം രാജാവായി.
29അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാം ഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്‍റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്‍റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു. 30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവും ഇപ്രകാരം സംഭവിച്ചു. 31നാദാബിന്‍റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 32ആസായും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
ബയെശാ
33യെഹൂദാ രാജാവായ ആസായുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്‍റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാലു വര്‍ഷം വാണു. 34അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു യൊരോബെയാമിന്‍റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

Currently Selected:

1 രാജാ. 15: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in