1 രാജാ. 12
12
രാജ്യം വിഭജിക്കപ്പെടുന്നു
1എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്കു ചെന്നു. 2നെബാത്തിന്‍റെ മകൻ യൊരോബെയാം മിസ്രയീമിൽ വച്ചു അതു കേട്ടപ്പോൾ - ശലോമോൻരാജാവിന്‍റെ സന്നിധിയിൽനിന്നു യൊരോബെയാം ഓടിപ്പോയി മിസ്രയീമിൽ പാർക്കുകയായിരുന്നു 3യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചു വരുത്തിയിരുന്നു. യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു: 4“നിന്‍റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വച്ചത്; നിന്‍റെ അപ്പന്‍റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
5അവൻ അവരോട്: “നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്‍റെ അടുക്കൽ വരുവീൻ“ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6രെഹബെയാംരാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ ജീവകാലത്ത് തന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു?” എന്നു ചോദിച്ചു.
7അതിന് അവർ അവനോട്: “നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരും, തന്‍റെ മുമ്പിൽ നില്‍ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു: 9“നിന്‍റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്തു മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?” എന്നു അവരോട് ചോദിച്ചു.
10തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്ക് ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട് നീ ഈ വിധം ഉത്തരം പറയേണം: എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. 11എന്‍റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിനു ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.
12മൂന്നാംദിവസം എന്‍റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാംദിവസം രെഹബെയാമിന്‍റെ അടുക്കൽ ചെന്നു. 13എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു. 14യൗവനക്കാരുടെ ആലോചനപോലെ അവരോട്: “എന്‍റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്‍റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാവ് മുഖാന്തരം നെബാത്തിന്‍റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്:
“ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി?
യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ.
യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ;
ദാവീദേ, നിന്‍റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക”
എന്നുത്തരം പറഞ്ഞു. യിസ്രായേൽജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി. 17യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
18പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു. എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു. 19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചു നില്ക്കുന്നു.
20യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്കു വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്‍റെ പക്ഷം ചേർന്നില്ല.
ശെമയ്യായുടെ പ്രവചനം
21രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽ ഗൃഹത്തോടു യുദ്ധം ചെയ്തു തന്‍റെ രാജത്വം വീണ്ടെടുക്കേണ്ടതിന്, അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽനിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരുലക്ഷത്തി എൺപതിനായിരം പേരെ വിളിച്ചുകൂട്ടി.
22എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായത്: 23യെഹൂദാരാജാവും ശലോമോന്‍റെ മകനുമായ രെഹബെയാമിനോടും, യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത്: 24“നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽ മക്കളോടു യുദ്ധം ചെയ്യുകയുമരുത്; ഓരോരുത്തൻ താന്താന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്‍റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ച് യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
25അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനീയേലും പണിതു.
26എന്നാൽ യൊരോബെയാം തന്‍റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും; 27ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിക്കുവാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോടു കൂറ് കാണിച്ച്, അവന്‍റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും.’
28ആകയാൽ രാജാവിനു ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ഇതാ” എന്നു അവരോടു പറഞ്ഞു.
29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. 30ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
31അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി, സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു. 32യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നെ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു. 33അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്നു യാഗം കഴിച്ചു; യിസ്രായേൽ മക്കൾക്ക് ഒരു ഉത്സവം നിയമിച്ചു, ധൂപപീഠത്തിൽ ധൂപം അർപ്പിക്കുകയും ചെയ്തു.
Currently Selected:
1 രാജാ. 12: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.