YouVersion Logo
Search Icon

1 രാജാ. 13

13
യെഹൂദയിൽ നിന്നുള്ള ദൈവപുരുഷൻ
1യൊരോബെയാം ധൂപം കാട്ടുവാൻ യാഗപീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്നു ബേഥേലിലേക്കു വന്നു. 2അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു. 3അവൻ അന്നു ഒരു അടയാളവും കൊടുത്തു: “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്നു പറഞ്ഞു.
4ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്നു കല്പിച്ചു; എങ്കിലും അവന്‍റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി. 5ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
6രാജാവ് ദൈവപുരുഷനോട്: “നീ നിന്‍റെ ദൈവമായ യഹോവയോടു കൃപക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
7രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്കു ഒരു സമ്മാനം തരും” എന്നു പറഞ്ഞു.
8ദൈവപുരുഷൻ രാജാവിനോട്: “നിന്‍റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. 9‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 10അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.
ബേഥേലിലെ വൃദ്ധനായ പ്രവാചകൻ
11ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്‍റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു. 12അവരുടെ അപ്പൻ അവരോട്: “അവൻ ഏത് വഴിക്കാണ് പോയത്?” എന്നു ചോദിച്ചു. യെഹൂദയിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്‍റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു#13:12 അവന്‍റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു ദൈവപുരുഷൻ പോയ വഴി അവന്‍റെ പുത്രന്മാർ കണ്ടിരുന്നു. 13അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്‍റെ പുറത്ത് കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു;
14അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: “നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ?” എന്നു അവനോട് ചോദിച്ചു.
15അവൻ: “അതേ” എന്നു പറഞ്ഞു. അവൻ അവനോട്: “നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം” എന്നു പറഞ്ഞു.
16അതിന് അവൻ: “എനിക്കു നിന്നോടുകൂടെ പോരുകയോ നിന്‍റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. 17നീ അവിടെവച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
18അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടതിന് നീ അവനെ നിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു. 19അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു.
20അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ, അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. 21അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോട്: “നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ, 22അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടു നിന്‍റെ ജഡം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു വിളിച്ചുപറഞ്ഞു.
23ഭക്ഷിച്ചു പാനംചെയ്ത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു വേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; 24അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്‍റെ അരികെ നിന്നിരുന്നു. 25ശവം വഴിയിൽ കിടക്കുന്നതും അതിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു, വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
26അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: “അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു” എന്നു പറഞ്ഞു.
27പിന്നെ അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. 28അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല. 29വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്‍റെ ശവം എടുത്ത് കഴുതപ്പുറത്ത് വച്ചു കൊണ്ടുവന്നു; അവൻ തന്‍റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു. 30അവൻ തന്‍റെ സ്വന്തകല്ലറയിൽ ശവം വച്ചിട്ട് അവനെക്കുറിച്ച്: “അയ്യോ എന്‍റെ സഹോദരാ” എന്നു പറഞ്ഞ് അവർ വിലാപം കഴിച്ചു.
31അവനെ അടക്കം ചെയ്തശേഷം അവൻ തന്‍റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നെ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം. 32അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും” എന്നു പറഞ്ഞു.
യൊരോബെയാമിന്‍റെ പാപം
33ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്കു ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു. 34യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.

Currently Selected:

1 രാജാ. 13: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in