YouVersion Logo
Search Icon

തീത്തൊസിന് 3

3
1വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും 2ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിപ്പാനും അവരെ ഓർമപ്പെടുത്തുക. 3മുമ്പേ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകയ്ക്കുന്നവരും ആയിരുന്നുവല്ലോ. 4എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ 5അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. 6നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിനു പുനർജനനസ്നാനംകൊണ്ടും 7നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടുംതന്നെ. 8ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു. 9മൗഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്ക. ഇവ നിഷ്പ്രയോജനവും വ്യർഥവുമല്ലോ. 10സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; 11ഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ.
12ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. 13ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയയ്ക്ക. 14നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യ സംഗതികളിൽ സൽപ്രവൃത്തികൾക്ക് മുമ്പരായിരിപ്പാൻ പഠിക്കട്ടെ.
15എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്കു വന്ദനം ചൊല്ലുക.
കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for തീത്തൊസിന് 3