YouVersion Logo
Search Icon

തീത്തൊസിന് 2

2
1നീയോ പഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവിക്ക. 2വൃദ്ധന്മാർ നിർമദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും 3വൃദ്ധമാരും അങ്ങനെതന്നെ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കേണം എന്നും 4ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭർത്തൃപ്രിയമാരും 5പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക. 6അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക. 7വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. 8ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക. 9ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും 10എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാൻ (കല്പിക്ക). 11സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; 12നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട് 13ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജിച്ചിട്ട് ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന് അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. 14അവൻ നമ്മെ സകല അധർമത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.
15ഇത് പൂർണഗൗരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുത്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in