സങ്കീർത്തനങ്ങൾ 84
84
സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; കോരഹുപുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
2എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു;
എന്റെ ഹൃദയവും എന്റെ മാംസവും
ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3കുരികിൽ ഒരു വീടും, മീവൽപ്പക്ഷി
കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു;
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെത്തന്നെ.
4നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ;
അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ;
ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
6കണ്ണുനീർ താഴ്‌വരയിൽക്കൂടി കടക്കുമ്പോൾ
അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു.
മുന്മഴയാൽ അത് അനുഗ്രഹപൂർണമായിത്തീരുന്നു.
7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു;
എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;
യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ;
നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ.
10നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം
വേറേ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ;
ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ
എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം.
11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നല്കുന്നു;
നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.
12സൈന്യങ്ങളുടെ യഹോവേ,
നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Currently Selected:
സങ്കീർത്തനങ്ങൾ 84: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.