YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 80

80
സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി
യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ;
കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ
നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരേണമേ.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നീ നിന്റെ ജനത്തിന്റെ പ്രാർഥനയ്ക്കുനേരേ എത്രത്തോളം കോപിക്കും?
5നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു;
അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
6നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കി തീർക്കുന്നു;
ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8നീ മിസ്രയീമിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു;
ജാതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
9നീ അതിന് തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു.
10അതിന്റെ നിഴൽകൊണ്ട് പർവതങ്ങൾ മൂടിയിരുന്നു;
അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
11അതു കൊമ്പുകളെ സമുദ്രംവരെയും
ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം
നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞത് എന്ത്?
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;
വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ;
സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിച്ച്
ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
15നിന്റെ വലംകൈ നട്ടിട്ടുള്ളതിനെയും
നീ നിനക്കായി വളർത്തിയ തൈയെയും പാലിക്കേണമേ.
16അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു;
നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചുപോകുന്നു.
17നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ
നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
18എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;
ഞങ്ങളെ ജീവിപ്പിക്കേണമേ,
എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപെടേണ്ടതിനു തിരു മുഖം പ്രകാശിപ്പിക്കേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 80