YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 58

58
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണഗീതം.
1ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?
മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർഥമായി വിധിക്കുന്നുവോ?
2നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു;
ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
3ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;
അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു.
4അവരുടെ വിഷം സർപ്പവിഷംപോലെ;
അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
5എത്ര സാമർഥ്യത്തോടെ മന്ത്രം ചൊല്ലിയാലും
മന്ത്രവാദികളുടെ വാക്ക് അതു കേൾക്കയില്ല.
6ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ;
യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.
7ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ.
അവൻ തന്റെ അമ്പുകളെ തൊടുക്കുമ്പോൾ
അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
8അലിഞ്ഞു പൊയ്പോകുന്ന അച്ചുപോലെ അവർ ആകട്ടെ;
ഗർഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
9നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടും മുമ്പേ
പച്ചയും വെന്തതുമെല്ലാം ഒരുപോലെ
അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
10നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും;
അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം;
ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യർ പറയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 58