YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 44

44
സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം.
1ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ
നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു;
ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;
2നിന്റെ കൈകൊണ്ട് നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു;
നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
3തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്;
സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയത്;
നിന്റെ വലംകൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ;
നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
4ദൈവമേ, നീ എന്റെ രാജാവാകുന്നു;
യാക്കോബിനു രക്ഷ കല്പിക്കേണമേ.
5നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും;
ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
6ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല;
എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.
7നീയത്രേ ഞങ്ങളെ വൈരികളുടെ കൈയിൽനിന്നു രക്ഷിച്ചത്;
ഞങ്ങളെ പകച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു.
8ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു;
നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
9ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു;
ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
10വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു;
ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു;
ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
12നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു.
അവരുടെ വിലകൊണ്ട് സമ്പത്തു വർധിപ്പിക്കുന്നതുമില്ല.
13നീ ഞങ്ങളെ അയൽക്കാർക്ക് അപമാനവിഷയവും
ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
14നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും
വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയം ആക്കുന്നു.
15നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും
ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
16എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു;
എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
17ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു;
ഞങ്ങളോ നിന്നെ മറന്നിട്ടില്ല;
നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളവാനും
കൂരിരുട്ടുകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
19ഞങ്ങളുടെ ഹൃദയം പിന്തിരികയോ
ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
20ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ
ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21ദൈവം അതു ശോധന ചെയ്യാതിരിക്കുമോ?
അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
22നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു;
അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്?
എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24നീ നിന്റെ മുഖത്തെ മറയ്ക്കുന്നതും
ഞങ്ങളുടെ കഷ്ടവും പീഡയും
മറന്നുകളയുന്നതും എന്ത്?
25ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു;
ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
26ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ;
നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 44