YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 45

45
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.
1എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാൻ പറയുന്നു.
എന്റെ നാവ് സമർഥനായ ലേഖകന്റെ
എഴുത്തുകോൽ ആകുന്നു.
2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു;
അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3വീരനായുള്ളോവേ, നിന്റെ വാൾ അരയ്ക്കു കെട്ടുക;
നിന്റെ തേജസ്സും നിന്റെ മഹിമയുംതന്നെ.
4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു
നീ മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നള്ളുക;
നിന്റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.
5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
ജാതികൾ നിന്റെ കീഴിൽ വീഴുന്നു;
രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു.
6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;
നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു;
അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ,
നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ
ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും
ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു;
ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;
നിന്റെ വലത്തുഭാഗത്തു രാജ്ഞി
ഓഫീർതങ്കം അണിഞ്ഞു നില്ക്കുന്നു.
10അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക.
സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും;
അവൻ നിന്റെ നാഥനല്ലോ;
നീ അവനെ നമസ്കരിച്ചുകൊൾക.
12സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ,
കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും.
13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണയാകുന്നു;
അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;
അവളുടെ തോഴിമാരായി കൂടെ നടക്കുന്ന
കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും;
അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും;
സർവഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.
അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in