സങ്കീർത്തനങ്ങൾ 145
145
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2നാൾതോറും ഞാൻ നിന്നെ വാഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവന്റെ മഹിമ അഗോചരമത്രേ.
4തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി
നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്ത്വത്തെയും
നിന്റെ അദ്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.
6മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും;
ഞാൻ നിന്റെ മഹിമയെ വർണിക്കും.
7അവർ നിന്റെ വലിയ നന്മയുടെ ഓർമയെ പ്രസിദ്ധമാക്കും;
നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
8യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു.
10യഹോവേ, നിന്റെ സകല പ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും;
നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും
അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്ത്വവും പ്രസ്താവിക്കേണ്ടതിനു
12അവർ നിന്റെ രാജത്വത്തിന്റെ മഹത്ത്വം പ്രസിദ്ധമാക്കി
നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;
നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു;
കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവൻ നിവിർത്തുന്നു.
15എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു;
നീ തത്സമയത്ത് അവർക്കു ഭക്ഷണം കൊടുക്കുന്നു.
16നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും
പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ സകല വഴികളിലും നീതിമാനും
തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,
സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
19തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;
അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.
20യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;
എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
21എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും;
സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
Currently Selected:
സങ്കീർത്തനങ്ങൾ 145: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.